മെൽബൺ: സന്ദർഭത്തിനു യോജിക്കാത്ത വാക്കുകൾ കേട്ടപ്പോൾ സ്റ്റംപ് ഊരിയെടുത്ത് വിരാട് കോഹ്‌ലിയെ കുത്താൻ തോന്നിയതായി മുൻ ഓസീസ് താരം എഡ് കോവൻ. ഫോക്സ് സ്പോർട്സിനു നൽകിയ അഭിമുഖത്തിലാണ് ഓസീസ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ. ഇന്ത്യ-ഓസ്ട്രേലിയ പരന്പരയിലെ ഒരു മൽസരത്തിനിടെയായിരുന്നു സംഭവം. എന്നെ സംബന്ധിച്ചിടത്തോളം തീർത്തും സ്വകാര്യവും മനസ്സിൽ തട്ടുന്നതുമായ ഒരു കാര്യത്തെക്കുറിച്ചാണ് കോഹ്‌ലി ഒട്ടും ഉചിതമല്ലാത്ത വാക്കുകൾ പറഞ്ഞത്. അംപയർ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതുവരെ കോഹ്‌ലിക്ക് അത് മനസ്സിലായില്ല. മനസ്സിലായപ്പോൾ കോഹ്‌ലി മാപ്പു പറയുകയും ചെയ്തു. എന്നാൽ ആ ഒരു നിമിഷം സ്റ്റംപ് ഊരിയെടുത്ത് കോഹ്‌ലിയെ കുത്താൻ തോന്നിയെന്നും എഡ് കോവൻ പറഞ്ഞു.

കോഹ്‌ലിയുടെ വലിയ ആരാധകനാണ് താനെന്നും അസാമാന്യ കഴിവുളള വ്യക്തിയാണ് കോഹ്‌ലിയെന്നും എഡ് കോവൻ പറഞ്ഞു. ഓസ്ട്രേലിയയ്ക്കായി 18 ടെസ്റ്റുകൾ കളിച്ചിട്ടുളള കോവൻ 1001 റൺസ് നേടിയിട്ടുണ്ട്. 136 ആണ് മികച്ച സ്കോർ.

വിവാദങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു ഇത്തവണത്തെ ഇന്ത്യ- ഓസ്ട്രേലിയ പരമ്പര. കളിക്കളത്തിന് അകത്തും പുറത്തും ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും താരങ്ങൾ ഏറ്റുമുട്ടിയിരുന്നു. രണ്ടാം ടെസ്റ്റിൽ കത്തി നിന്നത് ഡിആർഎസ് വിവാദമായിരുന്നു. ഡിആർഎസ് വിവാദത്തിന് ശേഷം ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്മിത്തിനെ കോഹ്‌ലി ചതിയനെന്ന് വിളിച്ചത് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തി.

കോഹ്‌ലിക്കെതിരായ പോരുമായി ഓസ്ട്രേലിയൻ മാധ്യമങ്ങളും രംഗത്തെത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോടാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ കോഹ്‌ലിയെ ഉപമിച്ചത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സിഇഒ കോഹ്‌ലിക്ക് സോറി എന്ന വാക്കിന്റെ സ്പെല്ലിങ് അറിയില്ലെന്ന് പറഞ്ഞതും വിവാദങ്ങൾ ആളിക്കത്തിച്ചു.

മൂന്നാം ടെസ്റ്റിൽ കോഹ്‌ലിയുടെ തോളെല്ലിന് പരുക്കേറ്റതിനെ മാക്‌സ്‌‌വെൽ അനുകരിച്ച് കളിയാക്കിയതും അതിനുളള കോഹ്‌ലിയുടെ മറുപടിയും വിവാദങ്ങളുടെ ആക്കം കൂട്ടി. ഇല്ലാത്ത ഒരു ക്യാച്ചിന് അവകാശവാദം ഉന്നയിച്ചുവെന്ന് പറഞ്ഞ് മുരളി വിജയിനെ ക്യാപ്റ്റൻ സ്‌മിത്ത് കളളനെന്ന് അധിക്ഷേപിച്ചു. അങ്ങനെ പരസ്‌പരം കൊമ്പ് കോർത്തും പരിഹസിച്ചുമായിരുന്നു ഇന്ത്യ-ഓസ്ട്രേലിയ പരന്പര പൂർത്തിയായത്.

നാല് മത്സരങ്ങളുളള പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റ് ഓസ്ട്രേലിയയും രണ്ടാം ടെസ്റ്റ് ഇന്ത്യയും ജയിച്ചിരുന്നു. എന്നാൽ റാഞ്ചിയിൽ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചു. ധരംശാലയിൽ അവസാനിച്ച നാലാം ടെസ്റ്റ് എട്ട് വിക്കറ്റിന് ജയിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ