നാഗ്പൂർ: തന്റെ ഇളയ മകനായ ഉമേഷ് യാദവിനെ ഒരു സർക്കാർ ഉദ്യോഗസ്ഥനാക്കണമെന്നായിരുന്നു തിലക് യാദവ് ആഗ്രഹിച്ചത്. അച്ഛന്റെ ആഗ്രഹം നിറവേറ്റാനായി ഉമേഷ് യാദവ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കായി തയാറെടുത്തു. എന്നാൽ ഉമേഷിന് പരീക്ഷയിൽ ജയിക്കാനായില്ല. പൊലീസ് കോൺസ്റ്റബിൾ ആകാൻ ശ്രമിച്ച ഉമേഷ് യാദവ് ലോകം അറിയപ്പെടുന്ന മികച്ച ഫാസ്റ്റ് ബോളർമാരിലൊരാളായി.

അച്ഛന്റെ ആഗ്രഹം പോലെ പൊലീസ് കോൺസ്റ്റബിൾ ആകാൻ കഴിഞ്ഞില്ലെങ്കിലും അതിലും മികച്ച ജോലി നേടാൻ ഉമേഷിന് കഴിഞ്ഞു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാഗ്പൂർ ഓഫിസിൽ അസിസ്റ്റന്റ് മാനേജറാണ് ഉമേഷ് യാദവ് ഇപ്പോൾ. ഇന്നലെയാണ് ജോലിക്കു ചേരാനുളള നടപടിക്രമങ്ങൾ 29 കാരനായ ഉമേഷ് പൂർത്തിയാക്കിയത്. ചാംപ്യൻസ് ട്രോഫിക്കു മുൻപായാണ് ഉമേഷിന് സ്പോർട്സ് ക്വാട്ടയിൽ ആർബിഐയിൽ ജോലി ലഭിക്കുന്നത്. എന്നാൽ ആ സമയത്ത് മൽസരത്തിനായി ഇംഗ്ലണ്ടിൽ പോകേണ്ടതിനാൽ ജോലി ഏറ്റെടുക്കാനായില്ല. ബാങ്ക് അധികൃതരുമായി സംസാരിച്ചപ്പോൾ മൽസരത്തിനുശേഷം ജോലിക്കു ചേർന്നാൽ മതിയെന്നു പറഞ്ഞു. തുടർന്നാണ് ഉമേഷ് ഇന്നലെയെത്തി ജോലിക്കു ചേർന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

2008 ൽ എയർ ഇന്ത്യയിൽ കരാർ ജീവനക്കാരനായി ഉമേഷ് യാദവിന് ജോലി ലഭിച്ചിരുന്നു. എന്നാൽ കരാർ കാലാവധിയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാത്തതിനാൽ എയർ ഇന്ത്യ ഉമേഷിന്റെ ജോലി സ്ഥിരപ്പെടുത്തിയില്ല. ഉമേഷിന് സ്ഥിരമായ ഒരു ജോലി ലഭിക്കുമായിരുന്നു. പക്ഷേ അദ്ദേഹം എപ്പോഴും അറിയപ്പെടുന്ന സ്ഥാപനത്തിൽ ജോലി ചെയ്യാനാണ് ലഭിച്ചത്. അതിനായാണ് വ്യഗ്രത കാട്ടാതെ അദ്ദേഹം ഇത്രനാൾ കാത്തിരുന്നത്. ഇപ്പോൾ കാത്തിരുന്നപോലെ ഉമേഷിന് അർഹതപ്പെട്ട ജോലി ലഭിച്ചതായും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ