ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ സൗരവ് ഗാംഗുലിയുടെയും രാഹുൽ ദ്രാവിഡിന്റെയും 318 റൺസ് കൂട്ടുകെട്ട് നേട്ടത്തിന് ഇന്ന് 21 വയസ്സ്. രാജ്യാന്തര ക്രിക്കറ്റിൽ 300 റൺസ് തികച്ച ആദ്യ കൂട്ടുകെട്ട് എന്ന നേട്ടമാണ് അന്ന് ദ്രാവിഡ്-ഗാംഗുലി പാർട്നർഷിപ്പ് സ്വന്തമാക്കിയത്.
1999 മേയ് 26ന് ഇംഗ്ലണ്ടിലെ ടോൺടൺ കൺട്രി ഗ്രൗണ്ടിലായിരുന്നു മത്സരം. ടൂർണമെന്റിൽ അതുവരെ നടന്ന മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയോടും സിംബാബ്‌വെയോടും തോൽക്കുകയും കെനിയയെ മാത്രം പരാജയപ്പെടുത്തുകയും ചെയ്ത ശേഷം അനിവാര്യ ജയം തേടിയാണ് ഇന്ത്യ അന്ന് ലങ്കയെ നേരിടാനിറങ്ങിയത്. മുൻ ചാംപ്യൻമാരായിരുന്ന ശ്രീലങ്കയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രം നേടിയ ശേഷമാണ് ലങ്ക ഇന്ത്യയെ നേരിടാനിറങ്ങിയത്. ഇംഗ്ലണ്ടിനോടും ദക്ഷിണാഫ്രിക്കയോടും തോറ്റ ലങ്കയ്ക്ക് സിംബാബ്‌വെയ്ക്കെതിരെ നാല് വിക്കറ്റ് ജയം മാത്രമായിരുന്നു ആശ്വാസമായുണ്ടായിരുന്നത്.
Read More: സച്ചിനെ ലോകകപ്പിൽ പുറത്താക്കിയപ്പോൾ വിഷമം തോന്നി: ഷൊയ്ബ് അക്തർ
സൗരവ് ഗാംഗുലിയും സദഗോപൻ രമേശും ഓപ്പണർമാരായി ഇറങ്ങിയ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. അഞ്ച് റൺസ് മാത്രമെടുത്ത് രമേശ് ചാമിന്ദ വാസിന്റെ പന്തിൽ പുറത്തായി. എന്നാൽ ഈ വിക്കറ്റ് നഷ്ടം ഒരു റെക്കോർഡ് കൂട്ടുകെട്ടിലേക്ക് നയിക്കുകയായിരുന്നു.
മൂന്നാം ബാറ്റ്സ്മാനായി ദ്രാവിഡ് ഇറങ്ങി. ഗാംഗുലിയുടെയും ദ്രാവിഡിന്റെയും ലെഫ്റ്റ് റൈറ്റ് ബാറ്റ്സ്മാൻമാരുടെ കൂട്ടുകെട്ട് ക്രീസിൽ. കരിയർ ബെസ്റ്റായി 183 റൺസ് ഗാംഗുലി നേടി. ദ്രാവിഡ് 145 റൺസും. നാൽപത്തിയാറാം ഓവർ വരെ തുടർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽനിന്ന് നേടിയത് 324 റൺസ്. മത്സരത്തിൽ ടീം ഇന്ത്യയുടെ ആകെ സ്കോർ 373 റൺസ്. പിന്തുടർന്ന ലങ്ക 42.3 ഓവറിൽ 216 റൺസ് നേടി പുറത്തായി.
Read More: രോഹിത് ധോണിയെപ്പോലെ, കോഹ്ലിയിൽ നിന്ന് തീർത്തും വ്യത്യസ്തൻ: സുരേഷ് റെയ്‌ന
157 റൺസിന് ഇന്ത്യ ജയം സ്വന്തമാക്കിയ മത്സരത്തിൽ ഗാംഗുലി-ദ്രാവിഡ് കൂട്ടുകെട്ടാണ് നിർണായകമായത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ മാത്രമായിരുന്നു അന്ന് രണ്ടക്കം തികച്ചത്. 12 റൺസ് നേടി അസ്ഹറുദ്ദീൻ പുറത്താവാതെ നിന്നു. സച്ചിൻ ടെൻഡുൽക്കർ രണ്ടു റൺസും അജയ് ജഡേജ അഞ്ച് റൺസും മാത്രം നേടി പുറത്താവുകയും ചെയ്തു.
ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ സനത് ജയസൂര്യയുടെ വിക്കറ്റ് നഷ്ടപ്പെട്ടത് തിരിച്ചടിയായി. ഏഴ് പന്തിൽ നിന്ന് മൂന്ന് റൺസ് മാത്രം നേടിയായിരുന്നു ഓപ്പണറായ സനത് ജയസൂര്യ പുറത്തായത്. മറ്റൊരു ഓപ്പണർ രോമേശ് കലുവിതാരണ ഏഴ് റൺസ് നേടി പുറത്തായി. മൂന്നാമതിറങ്ങിയ മർവൻ അട്ടപ്പട്ടു 29 റൺസ് നേടി പുറത്താവുകയും ചെയ്തു. അരവിന്ദ ഡിസിൽവ മാത്രമാണ് അന്ന് ലങ്കയ്ക്കുവേണ്ടി 50 റൺസ് തികച്ചത്. നായകൻ അർജുന രണതുംഗെ 42 റൺസും രോഷൻ മഹാനാമ 32 റൺസും നേടി പുറത്തായതോടെ അന്ന് ലങ്ക പരാജയമുറപ്പിക്കുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി റോബിൻ സിങ്ങ് 9.3 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി അന്ന് അഞ്ച് വിക്കറ്റെടുക്കുകയും ചെയ്തിരുന്നു.
രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഒരു കൂട്ടുകെട്ടിൽ നിന്നുള്ള അതുവരെയുള്ള ഏറ്റവും ഉയർന്ന റൺസാണ് അന്ന് ദ്രാവിഡ്-ഗാംഗുലി പാർട്നർഷിപ്പ് സ്വന്തമാക്കിയത്. നിലവിൽ രാജ്യാന്തര ഏകദിനങ്ങളിലെ ഏറ്റവും ഉയർന്ന നാലാമത്തെ പാർട്നർഷിപ്പ് സ്കോറാണിത്.
2015 ഫെബ്രുവരി 24ന് വെസ്റ്റ് ഇൻഡീസിനു വേണ്ടി ക്രിസ് ഗെയിൽ – മാർലോൺ സാമുവെൽസ് സഖ്യം നേടിയ 372 റൺസാണ് നിലവിലെ ഏറ്റവും ഉയർന്ന രാജ്യാന്തര ഏകദിന പാർട്നർഷിപ്പ് സ്കോർ. സിംബാബ്‌വെയായിരുന്നു അന്ന് വിൻഡീസിന്റെ എതിരാളികൾ.
2019 മേയ് അഞ്ചിന് അയർലൻഡിനെതിരായ മത്സരത്തിൽ വിൻഡീസിന്റെ ജോൺ കാംപെൽ – ഷായ് ഹോപ് സഖ്യം നേടിയ 365 റൺസാണ് രണ്ടാമത്. 1999 നവംബർ എട്ടിന് ന്യൂസീലൻഡിനെതിരായ ഹൈദരാബാദ് ഏകദിനത്തിൽ സച്ചിനും ദ്രാവിഡും ചേർന്ന് നേടിയ 318 റൺസാണ് മൂന്നാമത്.
1998ൽ സിംബാബ്‌വെയ്ക്കെതിരേ നടന്ന കട്ടക്ക് ഏകദിനത്തിൽ അസറുദ്ദീൻ- ജഡേജ സഖ്യം നേടിയ 275 റൺസ് നേട്ടമെന്ന റെക്കോർഡായിരുന്നു 99ൽ ഗാംഗുലിയും ദ്രാവിഡും മറികടന്നത്.
Read More: On This Day: Sourav Ganguly, Rahul Dravid stitch together 318 runs in record partnership