2013 നവംബര്‍ 13, ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ക്കുന്ന ഒരാളും ആ ദിവസം മറക്കില്ല. രണ്ട് പതിറ്റാണ്ടു നീണ്ട ഐതിഹാസിക കരിയറിന് എന്നന്നേക്കുമായി വിരാമമിട്ട് സച്ചിന് രമേശ് ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം കളമൊഴിഞ്ഞ ദിവസം. 1989 നവംബര്‍ 15 ന് ആരംഭിച്ച ഇന്നിങ്സ് അന്നവസാനിക്കുകയായിരുന്നു. അതിന് ഒരു വര്‍ഷം മുമ്പ് 2012 ഡിസംബറില്‍ ഏകദിനത്തില്‍നിന്നു സച്ചിന് വിരമിച്ചിരുന്നു. തന്റെ 200-ാം ടെസ്റ്റ് മത്സരം കളിച്ച് സച്ചിന് മടങ്ങുമ്പോള്‍ ഇനിയൊരിക്കലും ക്രിക്കറ്റ് കാണില്ലെന്ന് തീരുമാനിച്ചവര്‍ പോലുമുണ്ടായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു സച്ചിന്റെ അവസാന മത്സരം. വേദി സ്വന്തം തട്ടകമായ മുംബൈ വാങ്കഡെ സ്റ്റേഡിയം. ആറു വര്‍ഷം പിന്നിട്ടിരിക്കുന്നു ആ പടിയറക്കത്തിന്, രാജ്യം എല്ലാം മറന്ന് ഒരു മനുഷ്യന്റെ വാക്കുകളെ നിശബ്ദം കേട്ടിരുന്ന ആ ദിവസത്തിന്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയായിരുന്നു സച്ചിന്റെ അവസാന മത്സരം. അവസാന ടെസ്റ്റില്‍ സച്ചിന് സെഞ്ചുറി നേടുന്നത് കാണാന്‍ ആഗ്രഹിച്ച് വാങ്കഡെയിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങള്‍ക്കും ടിവി സ്ക്രീനിനു മുന്നില്‍ കുത്തിയിരുന്ന കോടിക്കണക്കിന് ആരാധകര്‍ക്കും പക്ഷെ നിരാശയായിരുന്നു. അവസാന മത്സരത്തില്‍ സച്ചിന് സെഞ്ചുറി നേടാനായില്ല. എന്നാലും തന്റെ കരിയറിന്റെ ശോഭ നിലനിര്‍ത്തിക്കൊണ്ടു തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങലും. ഇന്ത്യ മൂന്ന് ദിവസത്തിനുള്ളില്‍ ജയിച്ച ടെസ്റ്റില്‍ സച്ചിന് 74 റണ്‍സ് നേടി. തന്റെ സ്വതസിദ്ധമായ കവര്‍ ഡ്രൈവുകളും സ്ക്വയര്‍ കട്ടുകളും നിറഞ്ഞതായിരുന്നു ആ ഇന്നിങ്സും.
നാര്‍സിങ് ഡിയോനരൈന്റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് സച്ചിന് പുറത്താകുന്നത്. മൈതാനം വിടും മുന്‍പ് പിച്ചിലേക്ക് മടങ്ങിച്ചെന്ന സച്ചിന് അവസാനമായി പിച്ചിൽ ഒന്നുതൊട്ടു. പിന്നെ പതിയെ തിരികെ നടന്നു. മുഖം താഴ്ത്തി, തന്റെ കണ്ണുകളിലെ നനവ് ആരുമറിയാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ നിമിഷം ഹൃദയം നുറുങ്ങുന്ന വേദനയോടെ മുമ്പൊരിക്കലുമില്ലാതിരുന്ന അത്രയും തീവ്രതയോടെ ഗ്യാലറി ആ മൂന്നക്ഷരങ്ങള്‍ വിളിച്ചു പറഞ്ഞു, സച്ചിന്..സച്ചിന്..സച്ചിന്..
സമാനതകളില്ലാത്തതെന്നല്ല, സച്ചിനായിരുന്നു ഇന്ത്യയ്ക്ക് ക്രിക്കറ്റ്. ഈ രാജ്യത്തെ ക്രിക്കറ്റെന്ന വികാരത്തോട് ഇത്രമേല്‍ ചേര്‍ത്തുനിര്‍ത്തിയ മറ്റൊരു പേരില്ല. റിക്കോര്‍ഡുകള്‍ പലതും തന്റേതാക്കുക മാത്രമല്ല, റെക്കോര്‍ഡുകളുടെ മറുവാക്കായാണ് സച്ചിന് പടിയിറങ്ങിയത്. 200 ടെസ്റ്റുകളിലായി 329 ഇന്നിങ്സുകള്‍ കളിച്ച സച്ചിന് 15921 റണ്‍സാണ് സച്ചിന് സ്വന്തമാക്കിയത്. 53.79 ആവറേജ്. 51 സെഞ്ചുറികളും ആറ് ഇരട്ട സെഞ്ചുറികളും നേടിയ സച്ചിന്റെ ഉയര്‍ന്ന സ്കോര്‍ 248 ആണ്.
ഏകദിനത്തിലും സച്ചിന് പകരക്കാരെ തേടി അലയണ്ടതില്ല. 463 മത്സരങ്ങളില്‍ നിന്നും 18426 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. ആ നമ്പറുകള്‍ പറയും സച്ചിനാരെന്ന്. 200 എന്ന സംഖ്യ സാധ്യമാണെന്ന് കാണിച്ചുതന്നത് സച്ചിനാണ്. ഇന്ത്യയ്ക്കായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന തന്റെ 16-ാം വയസിലെ സച്ചിന്റെ റെക്കോര്‍ഡ് ഇന്നും നിലനില്ക്കുന്നു.