മുംബൈ: 1990 ഓഗസ്റ്റ് 14 , ഇംഗ്ലണ്ടിലെ ഓൾഡ് ട്രഡ്ഫോർഡ് മൈതാനത്ത് ക്രിക്കറ്റിലെ പുതുയുഗപ്പിറവിയുടെ ദിനമായിരുന്നു. ക്രിക്കറ്റ് ലോകം കണ്ട … അല്ല കായിക ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സച്ചിൻ രമേഷ് തെൻഡുൽക്കർ തന്റെ സുവർണ്ണകുതിപ്പ് തുടങ്ങിയ ദിനം. 1990 കാലഘട്ടത്തിലെ കരുത്തരായ ഇംഗ്ലീഷ് നിരയ്ക്ക് എതിരെയായിരുന്നു സച്ചിൻ ടെൻഡുൽക്കർ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത്.

ഓൾഡ്ട്രാഡ്ഫോർഡ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലായിരുന്നു സച്ചിൻ തെൻഡുക്കർ തന്റെ സെഞ്ചുറി വേട്ട തുടങ്ങിയത്. ഇംഗ്ലണ്ടിനെതിരെ പരാജയ ഭീഷണി നേരിടുന്ന ഘട്ടത്തിലാണ് ലിറ്റിൽ മാസ്റ്റർ ക്രീസിൽ എത്തുന്നത്. മനോജ് പ്രഭാകറിനെ കൂട്ടുപിടിച്ച് ബോളർമാരെ അനായാസം നേരിട്ട സച്ചിൻ ഇംഗ്ലണ്ടിന് വിജയം നിഷേധിച്ചു.

171 പന്തിൽ നിന്നാണ് സച്ചിൻ തെൻഡുൽക്കർ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടുന്നത്. പുറത്താകാതെ നിന്ന സച്ചിൻ 119 റൺസാണ് നേടിയത്. 17 വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് സച്ചിൻ തന്റെ ആദ്യ ശതകം പൂർത്തിയാക്കുന്നത്. ഫാസ്റ്റ് ബോളർമാരെ തുണയ്ക്കുന്ന പിച്ചിൽ ക്ലാസിക്ക് ഷോട്ടുകളുമായി സച്ചിൻ കളം പിടിക്കുകയായിരുന്നു. 16 ഫോറുകളാണ് സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നത്.

തോൽവിയുടെ സമ്മർദ്ദത്തിൽ നിന്ന് ഇന്ത്യയെ കരയകയറ്റിയ സച്ചിന്റെ ഇന്നിങ്സ് മനക്കരുത്തിന്റേതും കൂടിയായിരുന്നു. ആദ്യ ഇന്നിങ്ങ്സിൽ 68 റൺസാണ് സച്ചിൻ നേടിയത്. പിന്നീടിങ്ങോട്ട് ക്രിക്കറ്റ് ലോകം അടക്കിവാണ ഈ മാന്ത്രികൻ 51 ടെസ്റ്റ് സെഞ്ചുറികളാണ് നേടിയത്. ഏകദിനത്തിൽ 49 സെഞ്ചുറിയും ക്രിക്കറ്റ് ദൈവം അടിച്ച് കൂട്ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ