India vs West Indies Match Ticket: തിരുവനന്തപുരം: കളി കാര്യവട്ടത്തെത്തുമ്പോള് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ആവേശഭരിതമാക്കാന്‍ ഉറച്ചു തന്നെ മലയാളികള്‍. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തിനുള്ള ടിക്കറ്റുകളുടെ ഓണ്‍ ലൈന്‍ വില്‍പ്പന ആരംഭിച്ചത്. മണിക്കൂറുകള്‍ക്കകം തന്നെ ടിക്കറ്റ് വാങ്ങാനായി ഓണ്‍ ലൈനിലെത്തുന്നവരുടെ എണ്ണം വന്‍ തോതിലാണ് വര്‍ധിച്ചിരിക്കുന്നത്.
കെസിഎ അറിയിപ്പു പ്രകാരം ഇന്ന് വൈകിട്ട് നാലരയ്ക്കുള്ളില്‍ മാത്രമായി വിറ്റുപോയത് 1.5 കോടിയുടെ ടിക്കറ്റുകളാണ്. ആദ്യ ദിവസം തന്നെ വന്‍ സ്വീകരമാണ് ഓണ്‍ ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് ലഭിച്ചു വരുന്നത്. ഇതോടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുഴുവന്‍ ടിക്കറ്റും വിറ്റു പോകാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് അസോസിയേഷന്.
കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് ഒരിക്കല്‍ കൂടി അന്താരാഷ്ട്ര ക്രിക്കറ്റ് കേരള മണ്ണില്‍ വിരുന്ന് എത്തുകയാണ്. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം നടക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനാണ് തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്നത്.
1000,2000,3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. വിദ്യാര്‍ത്ഥികള്‍ക്കായി 500 രൂപയുടെ സ്പെഷ്യല്‍ സീറ്റുകളും സജ്ജമാണ്. ടിക്കറ്റുകള്‍ പേടിഎം ആപ്പില്‍ നിന്നും ശിശെറലൃ.ശി ആപ്പിലും ലഭ്യമാണ്. ഒരാള്‍ക്ക് വാങ്ങാവുന്ന പരമാവധി ടിക്കറ്റുകള്‍ ആറെണ്ണമാണ്. വിദ്യാര്‍ത്ഥികള്‍ അതത് സ്കൂളിന്റെ ഐഡികാര്ഡുപയോഗിച്ചാണ് ടിക്കറ്റെടുക്കേണ്ടത്. വിശദമായ വിവരങ്ങള്‍ കെസിഎയുടെ വെബ്ബ് സൈറ്റില്‍ ലഭ്യമാണ്.
സ്റ്റാര്‍ സ്പോര്‍ട്സ് ഗ്രൂപ്പിന് തന്നെയാണ് ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പാരമ്പരയുടെയും സംപ്രേഷണ അവകാശം. സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1 എച്ച് ഡി, സ്റ്റാര്‍ സ്പോര്‍ട്സ് ഹിന്ദി, സ്റ്റാര്‍ സ്പോര്‍ട്സ് ഹിന്ദി എച്ച് ഡി എന്നീ ചാനലുകള്‍ക്ക് പുറമെ സ്റ്റാര്‍ സ്പോര്‍ട്സ് തമിഴിലും കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടാകും.
ഇതിന് മുമ്പ് ഒരിക്കല്‍ മാത്രമാണ് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റിന് ആതിഥേയത്വം വഹിച്ചിട്ടുള്ളു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലന്‍ഡിനെതിരായ ടി 20 മത്സരമാണ് ഇവിടെ നടന്നത്. അന്ന് മഴമൂലം 8 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ 6 റണ്ണിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്ത് വാരിയ ശേഷമാണ് ഇന്ത്യ ഏകദിന പരമ്പരക്ക് ഒരുങ്ങുന്നത്. രാജ്കോട്ടില്‍ ഇന്നിങ്സിനും 272 റണ്‍സിനും ജയിച്ച ഇന്ത്യ ഹൈദരാബാദില്‍ 10 വിക്കറ്റ് വിജയം ആഘോഷിക്കുകയും ചെയ്തു. ഒക്ടോബര്‍ 21 ന് ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം.