ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനം രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ചുറി റെക്കോര്‍ഡ് നേട്ടം കൊണ്ടായിരിക്കും ഓര്‍മ്മിക്കപ്പെടുക. 141 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. ഇന്ത്യ ഉയർത്തിയ 393 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 251 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ഏകദിന കരിയറിലെ തന്റെ മൂന്നാം ഇരട്ടസെഞ്ചുറി നേടിയ രോഹിത് ശർമ്മയാണ് കളിയിലെ താരം.

വിവാഹ വാര്‍ഷിക ദിനത്തില്‍ തന്റെ ഭാര്യയ്ക്ക് വേണ്ടി റെക്കോര്‍ഡ് പകുത്ത് നല്‍കുന്ന രോഹിതിന്റെ ചിത്രങ്ങളായിരുന്നു ഇന്നലെ ആരാധകരുടെ മനം നിറച്ചത്. എന്നാല്‍ രോഹിതിന്റെ ഈ റെക്കോര്‍ഡ് നേട്ടത്തില്‍ മുങ്ങിപ്പോയ മറ്റൊരു സംഭവവും ഇന്നലെ നടന്നു. മുന്‍ ഇന്ത്യന്‍ നായകനായ മഹേന്ദ്രസിംഗ് ധോണിയുടെ കാല്‍തൊട്ട് വന്ദിക്കാനായി മൈതാനത്തേക്ക് ഓടിയെത്തിയ ഒരു ആരാധകന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇന്ന് പ്രചരിക്കുന്നത്. കാല്‍ തൊടാനുളള ആരാധകന്റെ ശ്രമം തടുക്കാന്‍ ധോണി ശ്രമിച്ചെങ്കിലും അയാള്‍ വിജയിച്ചു.

തുടര്‍ന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥനാണ് ആരാധകനെ മൈതാനത്തിന് വെളിയിലേക്ക് കൊണ്ടുപോയത്. ഇത് ആദ്യമായല്ല ആരാധകര്‍ മൈതാനത്ത് പ്രവേശിച്ച് ധോണിയോടുളള ആരാധന വെളിവാക്കുന്നത്. ഈ വര്‍ഷം തന്നെ ഇത്തരത്തിലുളള സംഭവങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

#TeamIndia #INDvsSL

A post shared by Bollywood_fan_club (@bollywood_fan_club12) on

മൊഹാലി ടെസ്റ്റിന് മുന്നോടിയായി ധോണി പാണ്ഡ്യയ്ക്കൊപ്പം ഓടിയ വീഡിയോയും വൈറലായി മാറിയിരുന്നു. ഏകദിനത്തിന് മുന്നോടിയായുളള പരിശീലനത്തില്‍ 25കാരനായ ഹാര്‍ദിക് പാണ്ഡ്യയെ ഓടിത്തോല്‍പ്പിക്കുന്ന വീഡിയോ ധോണിയുടെ ഫിറ്റ്നസ് ചോദ്യം ചെയ്തവര്‍ക്കുളള മറുപടിയാണ്. 100 മീറ്ററോളം ഓടിയിട്ടും ധോണിയെ മറികടക്കാന്‍ പാണ്ഡ്യയ്ക്ക് കഴിഞ്ഞില്ല. ബിസിസിഐയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ