ക്രിക്കറ്റിനേക്കാളും സുരേഷ് റെയ്നയ്ക്ക് താത്പര്യം കുടുംബത്തോട് ആണെന്ന ചിലരുടെ വിമര്‍ശനങ്ങള്‍ നേരത്തേ വാര്‍ത്തകളായിരുന്നു. പണ്ട് ക്രിക്കറ്റിനോട് ആത്മാര്‍ത്ഥയുണ്ടായിരുന്ന റെയ്ന വിവാഹശേഷം ഭാര്യയിലേക്കും കുട്ടിയിലേക്കും മാത്രം ഒതുങ്ങിപ്പോയെന്നും മുന്‍ രഞ്ജി പരിശീലകനും റെയ്നയെ കുറ്റപ്പെടുത്തി രംഗത്ത് വന്നു.

വിവാഹ ശേഷം ക്രിക്കറ്റിനോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്ന് ആരോപണത്തോട് പ്രതികരിച്ച് റെയ്ന പിന്നീട് രംഗത്തെത്തുകയും ചെയ്തു. തന്റെ മകള്‍ക്ക് അസുഖമായിരുന്നതിനാലാണ് ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. “ഇതേ തുടര്‍ന്ന് നാളുകളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. വീട്ടിലെ ജോലിയും താന്‍ തന്നെയാണ് നോക്കേണ്ടത്. ഇത് ചെയ്യുന്നതിന് എന്തിന് തന്നെ കുറ്റപ്പെടുത്തണമെന്നും” റെയ്‌ന ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അന്ന് തന്നെ ഒരു അച്ഛനെന്ന നിലയില്‍ റെയ്ന തന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു. ഇന്ന് ഫാദേഴ്സ് ഡേയിലും ‘ഒരു അച്ഛനായിരിക്കുന്നതിലെ സന്തോഷം’ പങ്കുവെച്ചാണ് അദ്ദേഹം ഒരു വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വയസ് പ്രായമുളള റെയ്നയുടെ മകള്‍ ഗ്രേഷിയ ‘പാപ്പ’ എന്ന് വിളിക്കുന്നതിന്റെ വീഡിയോ ആണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

റെയ്നയെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് രഞ്ജി ട്രോഫി ടീമിന്റെ മുന്‍ പരിശീലകന്‍ റിസ്വാൻ ശംഷാദാണ് അന്ന് രംഗത്ത് വന്നിരുന്നത്. വിവാഹ ശേഷം റെയ്നയുടെ, ക്രിക്കറ്റിനോടുള്ള സമീപനത്തിൽ മാറ്റങ്ങൾ വന്നുവെന്നും അദ്ദേഹത്തിനിപ്പോൾ, ക്രിക്കറ്റ് വേണ്ട കുടുംബം മാത്രം മതി എന്ന അവസ്ഥയിലായി എന്നും റിസ്വാൻ പറഞ്ഞിരുന്നു.

ബിസിസിഐയുടെ കരാറിൽ നിന്ന് റെയ്നയെ പുറത്താക്കിയതിന്റെ കാരണവും ഇതാണെന്നായിരുന്നു സൂചന. 223 ഏകദിന മത്സരത്തിൽ നിന്ന് 5568 റൺസും 65 ട്വന്റി-20കളിൽ നിന്ന് 1307 റൺസും സ്വന്തമാക്കിയ റെയ്നയെ എന്തുകൊണ്ടാണ് കരാർ പട്ടികയിൽ നിന്നും പുറത്താക്കിയതെന്ന ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരമാണ് രഞ്ജി കോച്ച് വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook