2018ലെ ഐപിഎല്ലില്‍ മോശം ഫോമിലാണ് വിരാട് കോഹ്‌ലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും. ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്ന ഇന്ന് തന്നെയാണ് യാദൃശ്ചികമായി വിരാടിന്റെ ഭാര്യ അനുഷ്ക ശര്‍മ്മയുടെ ജന്മദിനം. കഴിഞ്ഞ ഡിസംബര്‍ 21ന് ശ്രീലങ്കയ്ക്ക് എതിരായ വേഗതയേറിയ സെഞ്ചുറി രോഹിത് ശര്‍മ്മ തന്റെ ഭാര്യയായ റിതികയ്ക്ക് വേണ്ടി സമര്‍പ്പിച്ചിരുന്നു.

റിതികയുടെ ജന്മദിനത്തിലെ രോഹിത്തിന്റെ നേട്ടം ആരാധകര്‍ ഒന്നടങ്കം ആഘോഷിക്കുകയും ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒന്നാം തരം താരമായ വിരാടിന്റെ ഭാര്യയുടെ ജന്മദിനവും ഇതുപോലെ പ്രത്യേകത നിറഞ്ഞതായിരിക്കണമെന്നാണ് ആരാധകര്‍ സോഷ്യൽ മീഡിയയില്‍ പറയുന്നത്.

ഏഴ് മൽസരങ്ങള്‍ കളിച്ച ഇരുടീമുകളും അഞ്ച് മൽസരങ്ങളില്‍ തോറ്റ് രണ്ട് മൽസരങ്ങളില്‍ മാത്രമാണ് വിജയം നുണഞ്ഞത്. ഏറ്റവും പിറകിലുളള ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് മുകളിലാണ് ബാംഗ്ലൂര്‍. ഇതിന് മുകളില്‍ മുംബൈയും ഇരിപ്പുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മൽരത്തില്‍ ഭര്‍ത്താവിന്റെ ടീമിനായി ആര്‍പ്പു വിളിക്കാന്‍ അനുഷ്കയും എത്തും. ഇന്ന് അനുഷ്കയുടെ 30-ാം പിറന്നാളാണ്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്ക്ക് എതിരായ മൽസരം കാണാൻ അനുഷ്ക എത്തിയിരുന്നു.

കൊൽക്കത്തയുടെ ദിനേശ് കാർത്തിക്കിനെ പുറത്താക്കിയ കോഹ്‌ലിയുടെ സൂപ്പർ ക്യാച്ച് ആരാധകരെയല്ലാം വിസ്മയിപ്പിച്ചിരുന്നു. കോഹ്‌ലിയുടെ ക്യാച്ച് കണ്ട് ഗ്യാലറിയിലിരുന്ന അനുഷ്കയും അതിശയിച്ചു. കൊല്‍ക്കത്തന്‍ ഇന്നിങ്‌സിന്റെ 19-ാം ഓവറില്‍ മുഹമ്മദ് സിറാജിന്റെ പന്തിലായിരുന്നു കോഹ്‌ലിയുടെ ക്യാച്ച്. ഡീപ്പില്‍ നിന്ന് മുന്നിലേക്ക് ഓടി വന്ന കോഹ്‌ലി മുഴുനീള ഡൈവിങ്ങിലൂടെയാണ് പന്ത് കൈപ്പിടിയിലൊതുക്കിയത്. ഇതു കണ്ട അനുഷ്ക അതിശയ ഭാവത്തോടെ ഗ്യാലറിയിലിരുന്ന് കൈയ്യടിക്കുകയും ചെയ്തു.

മൽസരത്തിൽ വിരാട് കോഹ്‌ലി അർധ സെഞ്ചുറി നേടിയപ്പോഴും അനുഷ്ക കൈയ്യടിച്ചു. 44 ബോളിൽനിന്ന് കോഹ്‌ലി പുറത്താകാതെ 68 റൺസെടുത്തിരുന്നു. 5 ഫോറും 3 സിക്സും ഉൾപ്പെടുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്. കോഹ്‌ലി അർധ സെഞ്ചുറി തികച്ചപ്പോൾ അനുഷ്ക എഴുന്നേറ്റ് നിന്ന് പുഞ്ചിരിയോടെ കൈയ്യടിച്ചു. ഐപിഎല്ലിൽ ഭർത്താവ് വിരാട് കോഹ്‌ലിയുടെ മൽസരം കാണാൻ അനുഷ്ക തുടർച്ചയായി ഗ്യാലറിയിലെത്തുന്നുണ്ട്. ഭാര്യക്ക് നേരെ ബാറ്റ് നീട്ടി ജന്മദിന സമ്മാനം നല്‍കിയ രോഹിത്തിനെ പോലെ കോഹ്‌ലിയും ചെയ്യണമെന്നാണ് ആരാധകരുടെ നിര്‍ദേശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook