ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനവും മുന്നിൽനിന്ന് നയിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ടീമിന് വിജയം നേടിക്കൊടുത്തു. പുറത്താകാതെ കോഹ്‌ലി നേടിയ 160 റൺസാണ് ഇന്ത്യൻ വിജയത്തിന് നെടുംതൂണായത്. ഏകദിന കരിയറിലെ 34-ാമത് സെഞ്ചുറിയാണ് കോഹ്‌ലി കേപ്ടൗണിൽ കുറിച്ചത്. പരമ്പരയിൽ 3-0 ന് മുന്നിലെത്താനും കേപ്‌ടൗണിലെ വിജയം ഇന്ത്യയെ സഹായിച്ചു.

കോഹ്‌ലിയുടെ പ്രകടനത്തെയും സെഞ്ചുറി നേട്ടത്തെയും പ്രശംസിച്ച് നിരവധി ക്രിക്കറ്റ് താരങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അതിൽ കോഹ്‌ലിയെപ്പോലെ റൺവേട്ടക്കാരനായ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുടെ അഭിനന്ദനം വേറിട്ട് നിൽക്കുന്നതായിരുന്നു. ട്വിറ്ററിലൂടെയാണ് കോഹ്‌ലിയുടെ പ്രകടനത്തെ വാർണർ പുകഴ്‌ത്തിയത്. ഇവൻ വേറെ ലെവൽ കളിക്കാരനെന്നായിരുന്നു വാർണർ പറഞ്ഞത്. മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഇയാൻ ബെല്ലും വാർണറുടെ വാക്കുകളാണ് കുറിച്ചത്.

സച്ചിൻ തെൻഡുൽക്കർ, സുരേഷ് റെയ്ന, മുഹമ്മദ് കെയ്ഫ്, വിവിഎസ് ലക്ഷ്മൺ, കരുൺ നായർ, യൂസഫ് പഠാൻ, മുരളി വിജയ് തുടങ്ങിയ താരങ്ങളും കോഹ്‌ലിക്ക് അഭിനന്ദനങ്ങൾ നേർന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ