ഗുവാഹത്തി: ലോകകപ്പ് യോഗ്യതയ്ക്കായുള്ള ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഒമാനെതിരെ 2-1 നായിരുന്നു ഇന്ത്യയുടെ പരാജയം. ഒന്നാം പകുതിയില്‍ ഒരു ഗോളിന് ഇന്ത്യയായിരുന്നു മുന്നില്‍. എന്നാല്‍ രണ്ടാം പകുതിയില്‍ തിരിച്ചടിച്ച ഒമാന്‍ അവാസന നിമിഷാണ് വിജയ ഗോള്‍ നേടിയത്.
നായകന്‍ സുനില്‍ ഛേത്രിയുടെ ഗോളിലായിരുന്നു ഇന്ത്യ മുന്നിലെത്തിയത്. കളിയുടെ 24-ാം മിനുറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍ പിറന്നത്. ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ക്രോസ് ഛേത്രി കൃത്യതയോടെ ഗോളാക്കി മാറ്റുകയായിരുന്നു. ഒമാന്റെ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കിയായിരുന്നു ഇന്ത്യന്‍ നായകന്റെ ഗോള്‍. ഛേത്രിയുടെ 73-ാം ഗോളായിരുന്നു ഇത്.
എന്നാല്‍ രണ്ടാം പകുതിയില്‍ ഒമാന്‍ സട കുടഞ്ഞെഴുന്നേറ്റു. ഒമാന്‍ വാശിയോടെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഗോള്‍ പിറക്കാന്‍ വൈകി. 82-ാം മിനുറ്റിലായിരുന്നു റാബിയ അലാവി അല്‍ മന്ദര്‍ സമനില ഗോള്‍ നേടുന്നത്. ഗോളിയുടെ തലയ്ക്ക് മുകളിലൂടെയായിരുന്നു റാബിയുടെ ഗോള്‍. അധികം നേരം വേണ്ടി വന്നില്ല ഒമാന് രണ്ടാം ഗോള്‍ നേടാന്‍. മന്ദാര്‍ തന്നെ 89-ാം മിനുറ്റില്‍ ആ കര്‍ത്തവ്യം നിര്‍വ്വഹിച്ചു.