മെൽബൺ: ഭാരോദ്വഹന വേദിയിൽ 77 കിലോഗ്രാം വിഭാഗത്തിലെ ക്ലീൻ ആന്റ് ജെർക് ലിഫ്റ്റ് വിഭാഗത്തിലാണ് ഇന്ത്യ ഇന്ന് മൂന്നാം സ്വർണ്ണം നേടിയത്. എന്നാൽ ഈ സ്വർണ്ണത്തിന് ഇരട്ടിമധുരമാണ്. പരിക്കേറ്റ കായികതാരത്തിന് ഭാരം ഉയർത്താനാകുമെന്ന പ്രതീക്ഷ പോലുമില്ലാതിരുന്ന ഇടത്ത് നിന്നാണ് സ്വർണ്ണം കൊയ്തുളള മടക്കം.

ദേശീയ ചാംപ്യൻഷിപ്പിനിടെ തുടയ്ക്ക് പരിക്കേറ്റ താരം യഥാർത്ഥത്തിൽ ഒരു മെഡൽ പോലും പ്രതീക്ഷിക്കാതെയാണ് മത്സര വേദിയിലെത്തിയത്. തന്റെ കഴിവിനൊത്ത പ്രകടനം കാഴ്ച വയ്ക്കാൻ പോലും സാധിക്കുമോ എന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ സതീഷിന്റെ നിശ്ചയദാർഢ്യത്തിനും കരുത്തിനും മുന്നിൽ മറ്റ് താരങ്ങൾ മുട്ടുമടക്കുകയായിരുന്നു.

“എനിക്ക് മെഡൽ നേടാനാവുമെന്ന പ്രതീക്ഷയില്ലായിരുന്നു. ഫിറ്റ്നെസില്ലാതെയാണ് മത്സരത്തിനിറങ്ങിയത്. അത് പോലും സ്വർണ്ണ നേടാൻ സഹായകരമായി എന്നത് മനക്കരുത്ത് വർദ്ധിപ്പിക്കുന്നു,” മത്സരശേഷം സതീഷ് കുമാർ പ്രതികരിച്ചതിങ്ങനെ.

“നല്ല വേദനയുണ്ടായിരുന്നു. ഇരിക്കാൻ പോലും വളരെയേറെ ബുദ്ധിമുട്ടി. എല്ലാവരും എന്നെ നന്നായി ശുശ്രൂഷിച്ചു. ആത്മവിശ്വാസം നൽകി. എന്നാൽ എനിക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നു. ശരീരം ഫിറ്റാല്ലാതിരുന്നതിനാൽ എന്റെ പരിശീലനം പോലും നന്നായിരുന്നില്ല. പിന്നെങ്ങിനെയാണ് എനിക്ക് മെഡൽ പ്രതീക്ഷിക്കാനാവുക?” സതീഷ് ചോദിച്ചു.

സതീഷ് കുമാർ ശിവലിംഗം മത്സരത്തിനിടെ

ആദ്യ ശ്രമത്തിൽ 144 കിലോ ഭാരമാണ് സതീഷ് ഉയർത്തിയത്. ഇംഗ്ലണ്ട് താരം ജാക് ഒലിവർ ആദ്യ ശ്രമത്തിൽ 145 കിലോ ഭാരം ഉയർത്തി സതീഷിനും മുന്നിലെത്തി. സതീഷ് തന്റെ രണ്ടാം ശ്രമത്തിൽ 173 കിലോഗ്രാം ഭാരമുയർത്തി ആകെ നേട്ടം 317 ലേക്ക് എത്തിച്ചു. ഈ ശ്രമത്തിൽ 167 കിലോഗ്രാം ഭാരമാണ് ജാക് ഒലിവർ ഉയർത്തിയത്.

കടുത്ത വേദനയെ തുടർന്ന് മൂന്നാം ശ്രമം സതീഷ് ഉപേക്ഷിച്ചു. സ്വർണ്ണം ജാക് ഒലിവറിന് മുന്നിലായിരുന്നെങ്കിലും 171 കിലോഗ്രാം ഭാരമുയർത്താനുളള ജാക് ഒലിവറിന്റെ അവസാന രണ്ട് ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഇതോടെ സതീഷ് 317 കിലോഗ്രാം ഭാരവും ജാക് 312 കിലോഗ്രാം ഭാരവും എന്ന കണക്കിലെത്തി.

ഓസീസ് താരം ഫ്രാങ്കോയിസ് എതുണ്ടി 305 കിലോ ഭാരമുയർത്തി വെങ്കലം കരസ്ഥമാക്കി. ഏഷ്യൻ ഗെയിംസിന് മുൻപ് ഫിറ്റ്നെസ് വീണ്ടെടുക്കുമെന്ന് വ്യക്തമാക്കിയ സതീഷ് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയും പങ്കുവച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ