ഭുവനേശ്വർ: ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത ഉറപ്പിക്കാൻ ഇന്ത്യൻ ഹോക്കി ടീം ഇന്നിറങ്ങും. യോഗ്യത റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് ഭുവനേശ്വറിൽ തുടക്കമാകും. പുരുഷ-വനിത ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്. പുരുഷ വിഭാഗത്തിൽ റഷ്യയെയും വനിത വിഭാഗത്തിൽ അമേരിക്കയെയും ആണ് ഇന്ത്യ നേരിടുന്നത്. ഇന്നും നാളെയുമായി ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് യോഗ്യത റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. വനിത ടീമിന്റെ മത്സരം ആറാം തീയതിയും പുരുഷ ടീമിന്റേത് എട്ടിനുമാണ്.

റഷ്യയ്ക്കെതിരെ വ്യക്തമായ ആധിപത്യമാണ് ഇന്ത്യൻ പുരുഷ ടീമിനുള്ളത്. ലോക റാങ്കിങ്ങിൽ 22-ാം സ്ഥാനക്കാരായ റഷ്യയ്ക്ക് ഇതുവരെ ഒരു ലോകകപ്പിനോ ഒളിമ്പിക്സിനോ യോഗ്യത നേടാൻ സാധിച്ചിട്ടില്ല. ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനക്കാരാണ് ഇന്ത്യ. നാല് മാസം മുമ്പ് നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ എതിരില്ലാത്ത പത്ത് ഗോളുകൾക്ക് റഷ്യയെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. എഫ്ഐഎച്ച് സീരിസിന്റെ കലാശപോരാട്ടത്തിൽ കലിംഗ സ്റ്റേഡിയത്തിൽ തന്നെയായിരുന്നു ഇന്ത്യയുടെ ആധികാരിക ജയം. ഇതിന് മുമ്പ് 2008 ബീജിങ് ഒളിമ്പിക്സിന്റെ യോഗ്യത റൗണ്ട് മത്സരങ്ങളിൽ നേർക്കുനേർ വന്നപ്പോഴും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. അന്ന് എതിരില്ലാത്ത എട്ട് ഗോളുകൾക്കാണ് റഷ്യയെ ഇന്ത്യ പരാജയപ്പെടുത്തിയത്.

മൻപ്രീത് സിങ്ങാണ് ഇന്ത്യൻ പുരുഷ സംഘത്തെ നയിക്കുന്നത്. രുപീന്ദർപാൽ സിങ്, ബിരേന്ദ്ര ലാക്ര, രാമൻദീപ് സിങ്, ലലിത് ഉപാധ്യായ് എന്നിവരും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. മുതിർന്ന താരം പി.ആർ.ശ്രീജേഷാണ് ടീമിലെ മലയാളി സാന്നിധ്യം.

മറുവശത്ത് വനിതകളും കണക്കിൽ മുന്നിൽ തന്നെയാണ്. ലോക റാങ്കിങ്ങിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്തും അമേരിക്ക 13-ാം സ്ഥാനത്തുമാണ്. ഏറെ വർഷങ്ങൾക്ക് ശേഷം റിയോ ഒളിമ്പിക്സിലൂടെ ഒളിമ്പിക് വേദിയിലേക്ക് തിരികെയെത്തിയ ഇന്ത്യൻ വനിത ടീമിന് ആ അവസരം നന്നായി വിനിയോഗിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ടോക്കിയോയിൽ ചരിത്രം തിരുത്താൻ ഇന്ത്യൻ വനിതകൾക്ക് ജയം അനിവാര്യമാണ്. റാണി റാംപാലാണ് ഇന്ത്യൻ വനിത ടീമിനെ നയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook