തിരുവനന്തപുരം: പരിശീലത്തിന് പണമില്ലാത്തതിനാൽ ഒളിമ്പ്യൻ സജൻ പ്രകാശ് തന്റെ മെഡലുകൾ വിൽക്കാൻ ഒരുങ്ങുന്നു. പരിശീലനത്തിന് മറ്റ് വഴികളില്ലെന്ന് വ്യക്തമാക്കിയാണ് ദേശീയ ഗെയിംസിൽ ലഭിച്ച ആറ് മെഡലുകൾ സജൻ വിൽക്കാൻ തയ്യാറായിരിക്കുന്നത്. പരിശീലത്തിന് പണമില്ലാത്തതിനാൽ കോമൺവെൽത്ത്- ദേശീയ ഗെയിംസിനുള്ള പരിശീലനം മുടങ്ങുന്നതായി സജൻ വ്യക്തമാക്കി. സർക്കാർ ജോലിയുടെ ശമ്പളം പോലും കിട്ടുന്നില്ലെന്നും സജൻ തുറന്നു പറയുന്നു.

കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസും വരാനിരിക്കുന്നു. മെഡലുകള്‍ ഉന്നമിട്ട് മികച്ച തയ്യാറെടുപ്പാണ് ദേശീയ ചാമ്പ്യൻ സജൻ പ്രകാശിന്‍റെ ലക്ഷ്യം വെക്കുന്നത്. തായ്‍ലൻഡിലും സ്പെയ്നിലും ദുബായിലും വിദഗ്ധ പരിശീലനം നിശ്ചയിച്ചിരുന്നെങ്കിലും ഇതെല്ലാം വെളളത്തിലാവുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. സഹായിക്കാൻ സർക്കാർ ഉൾപ്പടെ ആരുമില്ലെന്ന് പറയുന്നു സജൻ.

റിയോ ഒളിംപിക്‌സിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഏക പരുഷ നീന്തൽ താരമാണ് സജൻ. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിൽ ആറു സ്വർണമെഡലുകളും മൂന്നു വെള്ളിമെ‍ഡലുകളും നേടിയ സുവർണതാരം.

സജന് സംസ്ഥാന സർക്കാർ ഗസറ്റഡ് റാങ്കിൽ ജോലിയും പ്രഖ്യാപിച്ചിരുന്നു. ജോലി ചെയ്യുന്ന സംസ്ഥാനമായ തമിഴ്നാടും അയൽ സംസ്ഥാനമായ കർണാടകയും വച്ചുനീട്ടിയ വലിയ പ്രലോഭനങ്ങളെ തള്ളിയാണ് സജൻ അന്നു കേരളത്തിന്റെ മൈക്കൽ ഫെൽപ്‌സ് ആയി മാറിയത്. സ്‌പോർട്സ് കൗൺസിലും കായിക മേധാവികളും ചേർന്നു ക്ഷണിച്ചു വരുത്തിയ സജൻ ദേശീയ ഗെയിംസിലെ ഏറ്റവും തിളക്കമുള്ള താരവുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ