എതിര്‍ ഗോള്‍മുഖത്ത് ഒലിവര്‍ കാനാണെന്നറിഞ്ഞാല്‍ ലോകം മുഴുവനുമുള്ള സൂപ്പര്‍ താരങ്ങള്‍ ഭയന്നൊരു കാലമുണ്ടായിരുന്നു. ഈറ്റപ്പുലിയുടെ ശൗര്യത്തോടെ ദീര്‍ഘകാലം ജര്‍മനിയുടെയും ബയേണ്‍ മ്യൂണിക്കിന്റെയും കോട്ട കാത്ത താരമാണ് അദ്ദേഹം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കാത്തതില്‍ താന്‍ ഇപ്പോള്‍ ഖേദിക്കുന്നതായി ഒലിവര്‍ കാന്‍ പറഞ്ഞു.

യുണൈറ്റഡില്‍ ചേരാത്തതിന് സര്‍ അലക്സ് ഫെര്‍ഗൂസന് തന്നോട് ഇപ്പോഴും പരിഭവം ഉളളതായും അദ്ദേഹം വെളിപ്പെടുത്തി. ‘2003ലോ 2004ലോ ഞാന്‍ മാഞ്ചസ്റ്ററിലേക്ക് വരുമെന്നാണ് ഫെര്‍ഗൂസണ്‍ കരുതിയത്. എന്നാല്‍ ബയേണ്‍ മ്യൂണിക്കില്‍ ഒരു കരിയര്‍ ഉണ്ടാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ തിരിഞ്ഞ് നോക്കുമ്പോള്‍ ഞാന്‍ മാഞ്ചസ്റ്ററിന് വേണ്ടി കളിക്കണമായിരുന്നു എന്ന് തോന്നിപ്പോകുന്നു. അത് നല്ലൊരു വെല്ലുവിളി ആകുമായിരുന്നു എനിക്ക്’, കാന്‍ ജര്‍മ്മന്‍ മാസികയായ ബില്‍ഡിനോട് പറഞ്ഞു.

വിജയം ഉറപ്പാക്കിയ 1999ലെ ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ അവസാന നിമിഷം ഇരട്ട ഗോളടിച്ച് ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം പിടിച്ചെടുത്ത സംഭവം ഓര്‍ക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉജ്ജ്വലമായ കരിയറില്‍ തന്നെ ഏറ്റവുമധികം വിഷമിപ്പിച്ച താരം ഒരാള്‍ മാത്രമേയുള്ളൂവെന്ന് കാന്‍ വെളിപ്പെടുത്തി. ഇറ്റലിയുടെയും എസി മിലാന്റെയും ഇതിഹാസ സ്‌ട്രൈക്കറായ ഫിലിപ്പോ ഇന്‍സാഗിയായിരുന്നു അത്. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയുള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്കെതിരേ ജര്‍മനിയുടെ ഗോള്‍മുഖം സംരക്ഷിച്ച തന്നെ ഭയപ്പെടുത്തിയത് ഇന്‍സാഗി മാത്രമാണെന്നും 46കാരനായ കാന്‍ പറഞ്ഞു.
‘റൊണാള്‍ഡോ, തിയറി ഹെന്റി എന്നിവരെല്ലാം ലോകോത്തര സ്‌ട്രൈക്കര്‍മാരായിരുന്നു. മികച്ച മെയ്‌വഴക്കവും ചടുലതയും അവസരങ്ങള്‍ മുതലാക്കാനുള്ള മിടുക്കും ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്‍സാഗി ഇവരില്‍ നിന്നു വ്യത്യസ്തനാണ്. കളിക്കുമ്പോള്‍ ഇന്‍സാഗി എതിര്‍ ടീമിലുണ്ടെന്നുപോലും ചിലപ്പോള്‍ തോന്നില്ല. പക്ഷെ മല്‍സരം കഴിയുമ്പോഴേക്കും എതിര്‍ ടീം ഒന്നോ രണ്ടോ ഗോള്‍ നേടിയിട്ടുണ്ടാവും. അതിലൊരു ഗോള്‍ ഇന്‍സാഗിയുടെ പേരിലുമാവും. അപ്രവചനീയതയാണ് ഇന്‍സാഗിയുടെ പ്രത്യേകത. ഏതു നിമിഷവും അദ്ദേഹത്തിന്റെ ഷോട്ട് തടുക്കാന്‍ നമ്മള്‍ സജ്ജരായിരിക്കണം’, അദ്ദേഹം പറഞ്ഞു.

‘കാള്‍സ്രുയെന്ന ക്ലബ്ബിലൂടെയാണ് ഞാന്‍ കരിയര്‍ തുടങ്ങിയത്. യൂത്ത് ടീമിലൂടെ തുടങ്ങിയ ഞാന്‍ പിന്നീട് സീനിയര്‍ ടീമിലുമെത്തി. ക്ലബ്ബിനായി യുവേഫ സൂപ്പര്‍ കപ്പിന്റെ സെമിയില്‍ നടത്തിയ മികച്ച പ്രകടനമാണ് ബയേണ്‍ മ്യൂണിക്ക് എന്നെ ശ്രദ്ധിക്കാന്‍ കാരണം. ബയേണിലെത്തിയതോടെ ഞാന്‍ ലോകമറിയാന്‍ തുടങ്ങുകയും പിന്നീട് ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. പതിയെ പതിയെയാണ് ഞാന്‍ കരിയറില്‍ വളര്‍ന്നുവന്നത്. ഒരു രാത്രി കൊണ്ടു സീറോയില്‍ നിന്ന് ഹീറോയായ താരമല്ല ഞാന്‍’, കാന്‍ പറഞ്ഞു.

‘ഇന്നത്തെ താരങ്ങള്‍ തികച്ചും വ്യത്യസ്തരാണ്. ഇപ്പോഴത്തെ കളിക്കാരില്‍ ഭൂരിഭാഗം പേരും വരുന്നത് അക്കാദമികളില്‍ നിന്നാണ്. തികച്ച അഭിനിവേശത്തോടെയും ആത്മാര്‍ഥതോടെയുമാണ് ഞാന്‍ കളിച്ചത്. ഇതേ രീതിയില്‍ കരിയറിനെ കണ്ടെങ്കില്‍ മാത്രമേ ഇപ്പോഴത്തെ താരങ്ങള്‍ക്ക് ഉയരങ്ങളിലെത്താനാവുകയുള്ളൂ’ , കാന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook