വിദേശ താരങ്ങളെയാണ് കൂടുതല്‍ ഇഷ്ടമെന്ന് പറഞ്ഞ ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ചെന്നു ചാടിയിരിക്കുന്നത് വലിയ വിവാദത്തിലാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയിലാണ് വിരാട് ആരാധകനോട് ഇന്ത്യയില്‍ ജീവിക്കണ്ടെന്നും പുറത്ത് പോകുന്നതായിരിക്കും നല്ലതെന്നും പറയുന്നത്.

വിരാടിന്റെ വാക്കുകളാണ് പല കോണില്‍ നിന്നും പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുന്നത്. ആരാധകരും ക്രിക്കറ്റ് താരങ്ങളും മറ്റ് മേഖലകളില്‍ നിന്നുമുള്ളവരുമെല്ലാം വിരാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ കോഹ്‌ലിയുടെ വാക്കുകള്‍ തന്നെ അംഗീകരിക്കുകയാണെങ്കില്‍ ആദ്യം വിടേണ്ടത് കോഹ്‌ലി തന്നെയാകുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കോഹ്‌ലിയുടെ തന്നെ പഴയ കാലത്തെ ഒരു വീഡിയോയാണ് ഇപ്പോള്‍ താരത്തിന് തിരിച്ചടിയായിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളേക്കാള്‍ മറ്റ് ടീമുകളിലെ താരങ്ങളെ ഇഷ്ടപ്പെടുന്നവര്‍ രാജ്യം വിടണമെന്നാണ് കോഹ്‌ലി പറഞ്ഞത്. അങ്ങനെയെങ്കില്‍ ഹര്‍ഷല്‍ ഗിബ്ബ്‌സിന്റെ ആരാധകനായ കോഹ്‌ലിയായിരിക്കും ആദ്യം രാജ്യം വിടേണ്ടതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

2008 ലെ അണ്ടര്‍ 19 ലോകകപ്പിലെ വീഡിയോയിലാണ് കോഹ്‌ലി തന്നെ പരിചയപ്പെടുത്തുന്നതിനിടെ ഇഷ്ടപ്പെട്ട താരം ദക്ഷിണാഫ്രിക്കയുടെ ഹര്‍ഷല്‍ ഗിബ്ബ്‌സ് ആണെന്ന് പറയുന്നത്. അതുകൊണ്ട്, ഇന്ത്യന്‍ താരങ്ങളായ സച്ചിന്റേയോ ഗാംഗുലിയുടേയോ രാഹുല്‍ ദ്രാവിഡിന്റേയോ പേരു പറയാതെ ഗിബ്ബ്‌സിന്റെ പേരു പറഞ്ഞ കോഹ്‌ലി സ്വന്തം അഭിപ്രായം പരിഗണിച്ച് രാജ്യം വിടണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അന്നത്തെ കൗമാര താരത്തില്‍ നിന്നും ഇന്ന് ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരമായി മാറിയതോടെ വിരാടിന് അഹങ്കാരവും ഈഗോയും തലയ്ക്ക് പിടിച്ചിരിക്കുകയാണ്, അതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നാണ് വിമര്‍ശനം. എന്നാല്‍ വിരാടിനെ ന്യായീകരിച്ചും ചിലര്‍ രംഗത്തെത്തുന്നുണ്ട്. താന്‍ ഓവര്‍ റേറ്റഡ് ആണെന്ന് പറഞ്ഞ ആരാധകന് നല്‍കിയ മറുപടി വികാരഭരിതമായി പോയതാണെന്നാണ് ചിലര്‍ പറയുന്നത്.

വിരാടിന് അമര്‍ഷമുണ്ടായി എന്നത് അംഗീകരിച്ചാല്‍ തന്നെ ഇത്തരത്തിലായിരുന്നില്ല പെരുമാറേണ്ടതെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. വിവാദത്തോട് താരം ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook