ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിസിസിഐ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഏപ്രില്‍ 15 വരെ മാറ്റിവച്ചു. ഐപിഎല്‍ മാറ്റില്ലെന്ന നിലപാടിലായിരുന്ന ബിസിസിഐ ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് വഴങ്ങിയത്.

നേരത്തേ, കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ ഐപിഎല്‍ അടക്കമുള്ള എല്ലാ കായിക മത്സരങ്ങളും റദ്ദാക്കി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഐപിഎല്‍ മത്സരം നിരോധിച്ചകാര്യം അറിയിച്ചത്.

അതേസമയം, ദക്ഷിണാഫ്രിക്കയുമായുള്ള അവശേഷിക്കുന്ന രണ്ട് ഏകദിന മത്സരങ്ങളുമായി ബിസിസിഐ മുന്നോട്ട് പോകുകയാണ്.  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരം റദ്ദാക്കണം എന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും മത്സരം നടത്താന്‍ ഒരുങ്ങുകയാണ്‌  ബിസിസിഐ. സംസ്ഥാനത്ത് വ്യാഴാഴ്ച ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ലക്‌നൗ ജില്ലാ അധികൃതര്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരം നടത്തരുതെന്ന് ആവശ്യപ്പെട്ടത്.

സംഘാടകരായ ബിസിസിഐയാണ് മത്സരം നടത്താന്‍ തീരുമാനമെടുത്തതെന്ന് ലക്‌നൗ ഡിവിഷണല്‍ കമ്മീഷണറായ മുകേഷ് മേഷ്‌റാം പറയുന്നു. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്നും അത് ബിസിസിഐയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്തയില്‍ നടക്കുന്ന മൂന്നാം ഏകദിനവും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും. ഏകദിനത്തിന്റെ അതേ വഴി ഐപിഎല്ലിലും തുടരാനായിരുന്നു ബിസിസിഐയുടെ പദ്ധതി.

മാര്‍ച്ച് 29-നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കേണ്ടിയിരുന്നത്. ഈ സമയത്ത് ഐപിഎല്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടുവെങ്കിലും സംഘാടകര്‍ക്ക് നടത്താനാണ് ആഗ്രഹമെങ്കില്‍ അത് അവരുടെ തീരുമാനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു.

Read Also: ‘അവൾക്ക് ഉടൻ മടങ്ങാനാകുമെന്ന് കരുതുന്നില്ല’; ഇറ്റലിയിൽ കുടുങ്ങിയവരിൽ എംഎൽഎയുടെ ഭാര്യയും

എല്ലാ കായിക മത്സരങ്ങളും മാറ്റിവയ്ക്കുകയോ കാണികളില്ലാതെയോ നടത്തണമെന്നായിരന്നു കേന്ദ്ര സര്‍ക്കാര്‍ കൊറോണവൈറസിനെക്കുറിച്ച് ഇറക്കിയ നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നത്.

സര്‍ക്കാരിന്റെ പരിഗണനയിലുള്ള നിരവധി വലിയ ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ഐപിഎല്‍ എന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook