മുംബൈ: ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ പുതിയ തുടക്കത്തിന് ലക്ഷ്യമിടുകയാണ് ഇന്ത്യൻ ക്രിക്കറ്റ്. ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ നൽകുമെന്നാണ് ഗാംഗുലിയുടെ പ്രഖ്യാപനം. ഈ സാഹചര്യത്തിൽ ഏകദിന ഫോർമാറ്റിൽ നിർണായക മാറ്റങ്ങൾക്ക് നിർദേശം മുന്നോട്ട് വച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ.

Also Read: എന്നോടല്ല,’മഹാന്മാരോട്’ ചോദിക്കൂ; ധോണിയുടെ വിരമിക്കലിനെക്കുറിച്ച് യുവി

ടെസ്റ്റ് മാതൃകയിൽ ഏകദിനത്തിനെയും നാല് ഇന്നിങ്സുകളായി വിഭജിക്കണമെന്നാണ് സച്ചിന്റെ അഭിപ്രായം. 25 ഓവറുകൾ വീതമുള്ള നാല് ഇന്നിങ്സുകളിലായിരിക്കണം മത്സരം. ഇത് മത്സരത്തിന്റെ ഗുണനിലവാരം ഉയർത്തുമെന്നും സച്ചിൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Also Read: പിറന്നാൾ ദിനത്തിൽ പതിനഞ്ചുകാരൻ ചിക്കുവായി മാറി വിരാട് കോഹ്‌ലിയുടെ കുറിപ്പ്

“ഏകദിനത്തിലാണ് നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത്. മത്സരം 25 ഓവർ വീതമുള്ള നാല് ഇന്നിങ്സുകളാക്കണം. ഓരോ ഇന്നിങ്സിനിടയിലും 15 മിനിറ്റ് ഇടവേള. (ഒരു ടീമിന് രണ്ട് ഇന്നിങ്സുകൾ). 50 ഓവർ വീതം ഒരു ടീമിന് ലഭിക്കുന്നത് തന്നെയായിരിക്കും ഈ ഫോർമാറ്റ്. ടീം എ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്തു, പിന്നീട് ടീം ബി 25 ഓവർ ബാറ്റ് ചെയ്യും. അത് പൂർത്തിയാകുമ്പോൾ ടീം എ ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചടുത്ത് നിന്ന് രണ്ടാം ഇന്നിങ്സ് പുനരാരംഭിക്കണം. എത്ര വിക്കറ്റാണോ നഷ്ടമായത് അവിടെ നിന്ന് തന്നെ. ടീം എയുടെ രണ്ടാം ഇന്നിങ്സും അവസാനിക്കുമ്പോൾ ടീം ബിയ്ക്ക് വിജയലക്ഷ്യം മറികടക്കുന്നതിനായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിക്കാം” സച്ചിൻ പറഞ്ഞു.

നിലവിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ഫ്ലഡ് ലൈറ്റിലാണ് ബാറ്റ് ചെയ്യുന്നതെന്നും ഇത്തരത്തിൽ 25 ഓവർ വീതമുള്ള ഇന്നിങ്സാക്കിയാൽ സ്വാഭാവിക വെളിച്ചത്തിന്റെ ആനുകൂല്യം ഇരു ടീമുകൾക്കും ലഭിക്കും. രണ്ട് ടീമുകൾക്കും വിജയിക്കാനുള്ള സാധ്യതയും തുല്യമാകുമെന്നും സച്ചിൻ പ്രതീക്ഷ പ്രകടിപ്പിച്ചു. മഴ ഉൾപ്പടെയുള്ള കാലാവസ്ഥ വെല്ലുവിളികളെയും മറികടക്കാൻ ഇത്തരം മാറ്റത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഭൂട്ടാൻ ചുറ്റിക്കറങ്ങി വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും

പവർപ്ലേയിലും മാറ്റം വേണമെന്ന് സച്ചിൻ പറഞ്ഞു. നിലവിലുള്ള ആദ്യ പത്ത് ഓവർ പവർപ്ലേയ്ക്ക് പകരം അഞ്ച് ഓവർ പവർപ്ലേ ആക്കണം. അടുത്ത അഞ്ചു ഓവർ രണ്ടായി വിഭജിച്ച് രണ്ട് ഓവർ ബാറ്റിങ് ടീമിനും മൂന്ന് ഓവർ ബോളിങ് ടീമിനും ആവശ്യമുള്ള സമയത്ത് പവർപ്ലേയായി ഉപയോഗിക്കാമെന്നും സച്ചിൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook