മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര ദശകത്തിലെ തന്റെ ഏകദിന ഇലവനെ തിരഞ്ഞെടുത്തു. 2020 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ട് ഏകദിനത്തിൽ അവരവരുടെ റോളുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ ഉൾപ്പെടുത്തി ലോക ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്. 2011 മുതലുള്ള താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീം തിരഞ്ഞെടുപ്പ്. നാല് ഇന്ത്യൻ താരങ്ങൾ ആകാശ് ചോപ്രയുടെ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

നിശ്ചിത ഓവർ ക്രിക്കറ്റിൽ 2013 മുതൽ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന രോഹിത് ശർമയാണ് ടീമിലെ ഒരു ഓപ്പണർ. മൂന്ന് ഏകദിന ഇരട്ട സെഞ്ചുറികളും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും (264) തന്റെ പേരിൽ കുറിക്കാൻ ഈ കാലയളവിൽ രോഹിത് ശർമയ്ക്ക് സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ താരം ഹഷിം അംലയാണ് ടീമിൽ രോഹിത്തിന്റെ ഓപ്പണിങ് പാട്ണർ.

Also Read: ഏകദിനത്തിൽ ഇന്ത്യയ്‌ക്കായി അതിവേഗ അർധ സെഞ്ചുറി നേടിയ താരം ഈ ബൗളര്‍; സേവാഗും യുവരാജും പിന്നിൽ

മൂന്നാം നമ്പരിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി കളിക്കുമ്പോൾ മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എബി ഡി വില്ലിയേഴ്സ് നാലാമനായും കളിക്കും. മധ്യനിരയിൽ ഫിനിഷറുടെ റോളിലടക്കം തിളങ്ങാൻ സാധിക്കുന്ന ധോണി അഞ്ചാം നമ്പരിൽ കളിക്കും. ടീമിലെ വിക്കറ്റ് കീപ്പറും നായകനും ധോണി തന്നെയാണ്.

Also Read: അത് ഔട്ടല്ല; അംപയർക്ക് പിഴവ്, നിസഹായനായി ശുഭ്‌മാൻ ഗിൽ, വീഡിയോ

രണ്ട് ഓൾറൗണ്ടർമാരാണ് ആകാശ് ചോപ്രയുടെ ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ ഷക്കിബ് അൽ ഹസനും പാക്കിസ്ഥാൻ താരം മുഹമ്മദ് ഹാഫിസും. പത്ത് ഓവറുകൾ എറിയാനും ബാറ്റ് ചെയ്യാനും സാധിക്കുന്നവരാണ് രണ്ട് താരങ്ങളും. മൂന്ന് പേസർമാരും ഒരു സ്‌പിന്നറുമാണ് ബൗളിങ് ഡിപ്പാർട്മെന്റ്. ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിറാണ് ടീമിലെ ഏക കംപ്ലീറ്റ് സ്‌പിന്നർ.

ലസിത് മലിംഗ നയിക്കുന്ന പേസ് അറ്റാക്കിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുംറയും ഓസിസ് താരം മിച്ചൽ സ്റ്റാർക്കും ഇടംപിടിച്ചു. 2015, 2019 ഏകദിന ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുണ്ടായിരുന്ന താരമാണ് സ്റ്റാർക്ക്. തീപാറും പന്തുകളാൽ എതിരാളികളെ വെള്ളംകുടുപ്പിച്ചിട്ടുള്ള താരമാണ് മലിംഗയെങ്കിൽ ചുരുങ്ങിയ സമയംകൊണ്ട് തന്നെ രാജ്യാന്ത ക്രിക്കറ്റിൽ തന്റെ സ്ഥാനം വ്യക്തമാക്കാൻ ബുംറയ്ക്കും സാധിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook