വെല്ലിങ്ടണ്‍: ബംഗ്ലാദേശിനെതിരായ പരമ്പര വിജയത്തോടൊപ്പം റോസ് ടെയ്‌ലറിന് ഇരട്ടി മധുരമായി റെക്കോർഡും. ന്യൂസിലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡാണ് ടെയ്‌ലര്‍ സ്വന്തമാക്കിയിരിക്കുന്നത്.

സ്റ്റീഫന്‍ ഫ്‌ളെമ്മിങ്ങിന്റെ റെക്കോര്‍ഡാണ് ടെയ്‌ലര്‍ മറി കടന്നത്. ബംഗ്ലാദേശിനെതിരെ 64 റണ്‍സെടുത്തിന് പിന്നാലെയായിരുന്നു ടെയ്‌ലര്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ഫ്‌ളെമ്മിങ് 8007 റണ്‍സെടുത്തിരുന്നു. ഇതോടൊപ്പം അതിവേഗം 8000 റണ്‍സ് മറി കടക്കുന്ന താരവുമായി ടെയ്‌ലര്‍. മുന്നിലുള്ളത് വിരാട് കോഹ്‌ലിയും എബി ഡിവില്ലിയേഴ്‌സും സൗരവ് ഗാംഗുലിയും മാത്രമാണ്.

”ഇത്തരത്തിലൊരു നേട്ടത്തിലെത്തുമ്പോള്‍ കാണികളില്‍ നിന്നും ലഭിക്കുന്ന പ്രശംസ സന്തോഷം നല്‍കുന്നതാണ്” ഇടവേളയില്‍ ടെയ്‌ലര്‍ പറഞ്ഞു. നേരത്തെ തന്നെ ഏറ്റവും കൂടുതല്‍ സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും നേടുന്ന കിവീസ് താരമായും ടെയ്‌ലര്‍ മാറിയിരുന്നു.

അതേസമയം, ലോക ഇലവന് വേണ്ടിയും ന്യൂസിലന്‍ഡിനു വേണ്ടിയുമായി ഫ്‌ളെമ്മിങ് 8037 റണ്‍സ് നേടിയിട്ടുണ്ട്. ഈ നേട്ടത്തില്‍ നിന്നും 11 റണ്‍സ് അകലെയാണ് ടെയ്‌ലര്‍. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പര എന്നതിനാല്‍ ടെയ്‌ലറുടെ ഫോമും ടീമിന്റെ മികച്ച പ്രകടനവും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന് ആശ്വാസം പകരുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook