മെൽബൺ: ഓസ്ട്രേലിയ​ കണ്ട എക്കാലത്തേയും മികച്ച ഓഫ്സ്പിന്നറാണ് നൈഥൻ ലിയോൺ. നല്ല ഒന്നാന്തരമൊരു ഫീൽഡർ കൂടിയാണ് കങ്കാരുപ്പടയുടെ ഈ താരം. ത്രസിപ്പിക്കുന്ന ക്യാച്ചുകൾ കൊണ്ട് ആരാധകരെ ത്രില്ലടിപ്പിക്കുന്നത് ആശാന്റെ ഒരു പതിവാണ്. ആഷസ് പരമ്പരയിൽ ഇങ്ങനെയൊരു ക്യാച്ച് സ്വന്തമാക്കിയിരിക്കുകയാണ് ലിയോൺ ഇന്ന്.

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് മൽസരത്തിനിടെയാണ് ലിയോണിന്റെ തകർപ്പൻ ക്യാച്ച്. ഇംഗ്ളീഷ് താരം മാർക്ക് സ്റ്റോണിനെ പുറത്താക്കാൻ ലിയോൺ എടുത്ത ക്യാച്ചാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഒറ്റക്കയ്യിൽ പറന്ന് എടുത്ത ലിയോണിന്റെ ക്യാച്ചിനെ ക്രിക്കറ്റ് പണ്ഡിതന്മാർ വാനോളം പുകഴ്ത്തുകയും ചെയ്തു.

നാലാം ടെസ്റ്റിൽ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 327​ റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് എന്ന നിലയിലാണ്. ആദ്യ 3 ടെസ്റ്റ് മൽസരങ്ങളും വിജയിച്ച ഓസ്ട്രേലിയ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മൽസരത്തിൽ മൊയീൻ അലിയെ പുറത്താക്കാൻ ലിയോൺ എടുത്ത ക്യാച്ച് ശ്രദ്ധേയമായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായാണ് ഈ ക്യാച്ചിനെ വിലയിരുത്തിയത്.

ഇംഗ്ലീഷ് ബാറ്റ്സ്മാൻ മൊയീൻ അലിയെ സ്വന്തം ബോളിൽ പിടിച്ചാണ് നൈഥൻ ലിയോൺ പുറത്താക്കിയത്. ലിയോണിന്രെ പന്ത് ലെഗ്സൈഡിലേക്ക് തട്ടിയിടാൻ മൊയീൻ അലി നടത്തിയ ശ്രമം ബാറ്റിന്രെ എഡ്ജിൽ തട്ടി ലിയോണിന്റെ നേർക്ക് എത്തി. തന്രെ ഇടത് വശത്തേക്ക് വന്ന പന്ത് മുഴുനീളെയുള്ള ഒരു ഡൈവിലൂടെയാണ് ലിയോൺ കൈപ്പിടിയിൽ ഒതുക്കിയത്.

സൂപ്പർമാന്റെ മെയ്‌വഴക്കത്തോടെയാണ് ലിയോൺ പന്ത് കൈപ്പിടിയിൽ ഒതുക്കിയതെന്ന് മൈക്കൽ സ്ളേറ്റർ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ