കൊച്ചി: സച്ചിന്‍ തെൻഡുല്‍ക്കര്‍ക്ക് ക്രിക്കറ്റ് വിക്കറ്റ് ഒരുക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജിനെ പരിഹസിച്ച് എൻ.എസ്.മാധവന്‍.

സച്ചിന്‍ തെൻഡുല്‍ക്കറിന് ക്രിക്കറ്റ് പിച്ച് ഉണ്ടാക്കുന്നതിനെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞ കെസിഎയിലെ വിദ്വാന്‍ രാത്രി ഉറങ്ങുന്നത് അദ്ദേഹം ഉണ്ടാക്കിയ കട്ടിലിലാണെന്നായിരുന്നു മാധവന്റെ പരിഹാസം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സച്ചിന് വിക്കറ്റുണ്ടാക്കുന്നതിനെ കുറിച്ച് അറിയില്ലെന്നും തെറ്റായ ധാരണയുടെ പുറത്താണ് അദ്ദേഹത്തിന്റെ പ്രതികരണമെന്നുമായിരുന്നു ജയേഷ് പറഞ്ഞത്. കൊച്ചിയില്‍ ഫുട്‌ബോള്‍ മാത്രം മതിയെന്ന സച്ചിന്റെ അഭിപ്രായത്തിന് പിന്നില്‍ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ സഹഉടമയായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

വിക്കറ്റ് ഒരുക്കുന്നതിനെ കുറിച്ച് ക്യൂറേറ്റര്‍മാര്‍ക്ക് മാത്രമാണ് അറിയുകയെന്നും സച്ചിന്റെ നാടായ മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരമുണ്ടെന്നും അവിടെ ഐഎസ്എല്ലും ഐപിഎല്ലുമെല്ലാം നടക്കുന്നുണ്ടെന്നും ജയേഷ് പറഞ്ഞിരുന്നു.

സ്റ്റേഡിയത്തെ ചൊല്ലിയുള്ള വിവാദം സോഷ്യല്‍ മീഡിയയിലടക്കം വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. കൊച്ചിയില്‍ ക്രിക്കറ്റ് മൽസരം നടത്തുന്നതിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ സി.കെ.വിനീത്, ഇയാന്‍ ഹ്യൂം, റിനോ ആന്റോ തുടങ്ങിയവരടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സച്ചിനും തന്റെ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, കലൂര്‍ സ്റ്റേഡയത്തിലെ ടര്‍ഫ് നശിപ്പിക്കില്ലെന്ന് കായിക മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യ-വിന്‍ഡീസ് മൽസരം തിരുവനന്തപുരത്തേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ ചേരുന്ന യോഗത്തിലുണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook