മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി നോവാക് ദ്യോക്കോവിച്ചിന് ഏഴാം കിരീടം. തന്റെ ഏഴാം കിരീടമാണ് ദ്യോക്കോവിച്ച് സ്വന്തമാക്കിയത്. സ്കോര്‍ 6-3, 6-2, 6-3. ഏഴ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ താരവുമായി മാറി ദ്യോക്കോ.
ടെന്നീസ് കോര്‍ട്ടിലെ അതികായന്മാരുടെ പോരട്ടത്തില്‍ തന്റെ പതിവ് പ്രകടനം കാഴ്ചവയ്ക്കാന്‍ നദാലിന് സാധിച്ചിരുന്നില്ലെന്നതാണ് വാസ്തവം. ദ്യോക്കോയുടെ സമ്പൂര്‍ണ ആധിപത്യത്തിനാണ് മെല്‍ബണ്‍ സാക്ഷ്യം വഹിച്ചത്. ഇരുവും 2012 ല്‍ ആറ് മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടം കാഴ്ച വച്ചവരാണ്. അന്നും ദ്യോക്കോയ്ക്കായിരുന്നു വിജയം. ഇന്ന് കളി രണ്ട് മണിക്കൂര്‍ മാത്രമേ നീണ്ടു നിന്നുള്ളൂ.
History Maker.
The moment you win your seventh #AusOpen title.@DjokerNole #AusOpenFinal pic.twitter.com/7HC5Gwyfuh
— #AusOpen (@AustralianOpen) January 27, 2019
ഇന്നത്തെ കിരീട നേട്ടത്തോടെ ദ്യോക്കോയുടെ ഗ്രാന്റ് സ്ലാം കിരീടങ്ങളുടെ എണ്ണം 15 ആയി. പീറ്റ് സാമ്പ്രാസിനെ മറികടന്ന ദ്യോക്കോ നദാലുമായി രണ്ട് കിരീടവും ഫെഡററുമായി അഞ്ച് കിരീടവും പിന്നിലാണ്.
ആറ് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുള്ള റോജര്‍ ഫെഡറര്‍, റോയ് എമേഴ്സണ്‍ എന്നിവരെ പിന്തള്ളിയാണ് ദ്യോക്കോവിച്ച് ഏഴാം കിരീടം സ്വന്തമാക്കിയത്.
ലോക ഒന്നാം നമ്പറും ലോക രണ്ടാം നമ്പറും നേര്‍ക്കു നേര് വരുമ്പോള്‍ ക്ലാസിക്കില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സെര്‍ബിയന്‍ താരം സ്പാനിഷ് കരുത്തനെ തകര്‍ക്കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള മത്സരങ്ങളില്‍ 28-25 ന് മുന്നിലെത്തിയിരിക്കുകയാണ് ദ്യോക്കോ. ഒപ്പം ഒരു ഗ്രാന്റ് സ്ലാമിന്റെ ഫൈനലില്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തുന്ന ആദ്യ താരവുമായി ദ്യോക്കോ.
ഗ്രാന്റ് സ്ലാം വേദികളില്‍ ഇരുവരും നേര്ക്കുന്നവര് വന്നത് 15 തവണയാണ്. ഇതില്‍ ഒമ്പത് തവണയും ജയിച്ചത് നദാലായിരുന്നു. ഗ്രാന്റ് സ്ലാം ഫൈനലുകളില്‍ രണ്ടു പേരും നാല് വീതം ജയം സ്വന്തമാക്കിയിട്ടുണ്ട്.