ലണ്ടന്‍: വിംബിള്‍ഡണ്‍ കിരീടം സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചിന്. ദക്ഷിണാഫ്രിക്കരാനായ കെവിന്‍ ആന്‍ഡേഴ്സണെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 6-3, 7-6(73).
സെമിയില്‍ നദാലിനെ തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് കലാശപ്പോരിന് എത്തിയത്. ദ്യോക്കോവിച്ചിന്റെ 13-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.
ആന്‍ഡേഴ്സണ്‍ മൂന്നാം സെറ്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് മത്സരശേഷം ദ്യോക്കോവിച്ച് പറഞ്ഞു. ഈ മത്സരം അതിവൈകാരികത നിറഞ്ഞതായിരുന്നെന്നും മകന്‍ ഗാലറിയിലിരുന്ന് തന്റെ കളി കണ്ടതില്‍ സന്തോഷമുണ്ടെന്നും ദ്യോക്കോവിച്ച് പറഞ്ഞു.
അതേസമയം ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്ന് ആന്‍ഡേഴ്സണ്‍ പറഞ്ഞു. ദ്യോക്കോവിച്ചിനെ അഭിനന്ദിക്കുന്നതായും ദക്ഷിണാഫ്രിക്കന്‍ താരം പറഞ്ഞു. സെമിയില്‍ മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് ആന്‍ഡേഴ്സണ്‍, ഐസ്നറെ തോല്‍പ്പിച്ചത്.
അതേസമയം, വനിതാ വിഭാഗത്തില്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തി കെര്‍ബര്‍ കിരീടം നേടി. ഫെഡര്‍ ക്വാര്‍ട്ടറിലും നദാല്‍ സെമിയിലും വീണ വിംബിള്‍ഡണ്‍ പക്ഷെ ആവേശ പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു.