മെല്‍ബണ്‍: വാക്സിന് നിബന്ധനകള്‍ പാലിച്ചില്ല എന്ന പേരില്‍ ഓസ്ട്രേലിയയില്‍ തടഞ്ഞു വയ്ക്കെപ്പെട്ട ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന് നീതി. താരത്തിന്റെ വിസ റദ്ദാക്കിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ കോടതി മരവിപ്പിച്ചു. കോടതി വിധി അനുകൂലമായ സാഹചര്യത്തില്‍ ജോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനും സാധിക്കും.
ഫെഡറല്‍ സര്‍ക്യൂട്ട് കോടതി ജഡ്ജ് ആന്തണി കെല്ലി താരത്തിനെ ഉടനടി വിട്ടയക്കാനും ഉത്തരവിട്ടു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ താരം ഒരു ഹോട്ടലില്‍ തടങ്കലിലാണ്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനായി ബുധനാഴ്ചയായിരുന്നു ജോക്കോവിച്ച് ഓസ്ട്രേലിയയില്‍ എത്തിയത്. മതിയായ രേഖകള്‍ ഇല്ലാ എന്ന് ചൂണ്ടിക്കാണിച്ചാണ് ജോക്കോയുടെ വിസ റദ്ദാക്കിയത്.
വാക്സിന് സ്വീകരിച്ചിട്ടില്ല എന്ന് ജോക്കോവിച്ചിന്റെ രേഖകളില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ മാസം കോവിഡ് ബാധിതനായിരുന്നതിന്റെ തെളിവുകള്‍ ഉള്ളതിനാല്‍ വാക്സിനേഷന്റെ തെളിവുകള്‍ ആവശ്യമില്ല എന്ന് ജോക്കോവിച്ച് കോടതിയോട് പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ചവര്‍ക്ക് താത്കാലിക ഇളവുകള്‍ നല്‍കാമെന്ന് ഓസ്ട്രേലിയന്‍ ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കി.
ടെന്നിസ് ഓസ്ട്രേലിയ നല്കിയ ഇളവുകള്‍ സംബന്ധിച്ചുള്ള രേഖകള്‍ മെല്‍ബണ്‍ വിമാനത്താവളത്തില്‍ വച്ച് ഉദ്യോഗസ്ഥര്‍ക്ക് താരം നല്കിയ കാര്യം ആന്തണി കെല്ലി ചൂണ്ടിക്കാണിച്ചു. ഇതില്‍ കൂടുതല്‍ എന്താണ് ജോക്കോവിച്ചിന് ചെയ്യാന്‍ കഴിയുക എന്നും അദ്ദേഹം ചോദിച്ചു. ജനുവരി 17 നാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്.
Also Read: പരമ്പര നേടാന്‍ ഇന്ത്യയ്ക്ക് സുവര്‍ണാവസരം; ടീമില്‍ മാറ്റം നിര്‍ദേശിച്ച് ഹര്ഭജന്