ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പർ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെ യുഎസ് ഓപ്പണ്‍ ടെന്നീസില്‍നിന്ന് അയോഗ്യനാക്കി. അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി. സര്‍വ് നഷ്ടമായപ്പോള്‍ ക്ഷുഭിതനായ ദ്യോക്കോവിച്ച് അടിച്ചുതെറിപ്പിച്ച പന്ത് ലൈന്‍ റഫറിയുടെ ശരീരത്തില്‍ കൊണ്ടു. ഇതോടെ റഫറിമാര്‍ കൂടിയാലോചിച്ച് ദ്യോക്കോവിവിച്ചിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയ്ക്കെതിരെ 5-6ന് പിന്നിട്ട്‌നില്‍ക്കുകയായിരുന്നു ഈ സമയം ദ്യോക്കോവിച്ച്. കിരീടം നേടുമെന്ന് ഉറപ്പിച്ചിടത്തുനിന്നാണ് ദ്യോക്കോവിച്ചിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. റാക്കറ്റില്‍ നിന്ന് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ലൈന്‍ ജഡ്ജിയുടെ കഴുത്തില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ക്ക് സമീപത്തേക്ക് ഓടിയെത്തി ദ്യോക്കോവിച്ച് ആശ്വസിപ്പിച്ചു.

പത്ത് മിനിറ്റിന് ശേഷം ടൂര്‍ണ്ണമെന്റ് റഫറിയുമായി ലൈന്‍ ജഡ്ജി ചര്‍ച്ച നടത്തുകയും പാബ്ലോ ബുസ്റ്റ വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.

ടൂർണമെന്റ് റഫറി സോറൻ ഫ്രൈമെൽ, ഗ്രാൻഡ് സ്ലാം സൂപ്പർവൈസർ ആൻഡ്രിയാസ് എഗ്ലി, ചെയർ അമ്പയർ ഒറേലി ടൂർട്ടെ എന്നിവരുൾപ്പെടെ 10 മിനിറ്റോളം നെറ്റിനടുത്ത് നടന്ന ചർച്ചയിൽ ദ്യോക്കോവിവിച്ച് തന്റെ കേസ് വാദിച്ചു.

“അമ്പയറെ മനഃപൂർവ്വം അടിച്ചില്ല എന്നതാണ് അദ്ദേഹത്തിന്റെ വാദം. ‘അതെ, എനിക്ക് ദേഷ്യം വന്നു. ഞാൻ പന്ത് തട്ടി. ഞാൻ ലൈൻ അമ്പയറെ തട്ടി. വസ്തുതകൾ വളരെ വ്യക്തമാണ്. പക്ഷെ അതായിരുന്നില്ല എന്റെ ഉദ്ദേശ്യം. ഞാൻ അത് മനഃപൂർവം ചെയ്തിട്ടില്ല.’ എന്നാണ് അദ്ദേഹം പറയുന്നത്,” മത്സരം അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്ത ഫ്രൈമെൽ പറഞ്ഞു. “അദ്ദേഹം അത് ഉദ്ദേശ്യത്തോടെ ചെയ്തിട്ടില്ലെന്ന് ഞങ്ങൾ എല്ലാവരും സമ്മതിക്കുന്നു, പക്ഷേ വസ്തുതകൾ കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. അമ്പയർക്ക് പരുക്കേറ്റു എന്നത് വ്യക്തമാണ്.”

കോര്‍ട്ടില്‍ വെച്ച് മറ്റൊരാള്‍ക്ക് നേരെ പന്തടിച്ചാല്‍ മത്സരത്തില്‍ നിന്ന് അയോഗ്യത നേരിടേണ്ടി വരുമെന്നാണ് നിയമം.

ദ്യോക്കോവിച്ച് അയോഗ്യനായതോടെ ക്വാര്‍ട്ടറില്‍ കടന്ന ബുസ്റ്റ 20-ാം സീഡാണ്. 2017-ലെ സെമിഫൈനലിസ്റ്റ് കൂടിയാണ് ബുസ്റ്റ.

Read in English: Novak Djokovic out of US Open 2020 after hitting line judge with ball

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook