scorecardresearch
Latest News

കപ്പില്‍ കുറഞ്ഞൊന്നും മുന്നിലില്ല; ടീമില്‍ പ്രതീക്ഷയര്‍പ്പിച്ച് റിനോ ആന്‍റോ

“ജാകിചന്ദ് സിങ്, മിലാന്‍ സിങ്, സിയാം ഹംഗല്‍, എന്നിവരുടെ കൂടെ കളിച്ചിട്ടുണ്ട്. വിനീതിനേയും പ്രശാന്തിനേയും ആണെങ്കില്‍ ആദ്യമേ ടീമില്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. ഇതുവരെ ബ്ലാസ്റ്റര്‍സിലേക്ക് തിരഞ്ഞെടുത്തവരൊക്കെ മികച്ച കളിക്കാരാണ്.”

കപ്പില്‍ കുറഞ്ഞൊന്നും മുന്നിലില്ല; ടീമില്‍ പ്രതീക്ഷയര്‍പ്പിച്ച് റിനോ ആന്‍റോ

തൃശൂര്‍: ജര്‍മന്‍ താരം ഫിലിപ്പ് ലാം ആണ് തൃശ്ശൂര്‍ക്കാരനായ റിനോ ആന്‍റോയുടെ പ്രിയതാരം. ഏത് കടുത്ത പ്രതിരോധ നിരയയേയും കവച്ചുവെച്ചുകൊണ്ട് ബോക്സിലേക്കും പറക്കുന്ന ലാമിന്‍റെ ക്രോസ്സുകള്‍ക്ക് നൂറുശതമാനം കൃത്യതയുണ്ട്. എത്ര കടുത്ത അക്രമകാരിയേയും പോസ്റ്റിനു മുന്നില്‍ പ്രതിരോധിക്കുവാനുള്ള കരുത്ത്, ടാക്കിളിങ്ങിലുള്ള തഴക്കവും കൃത്യതയും, വേഗത. ഇതൊക്കെയാണ് ഫിലിപ്പ് ലാമിനെ റിനോയുടെ പ്രിയപ്പെട്ട താരമാക്കി മാറ്റുന്നതും. ലാമിനേക്കാള്‍ രണ്ടിഞ്ച് ഉയരകൂടുതല്‍ മാത്രമേയുള്ളൂ ഈ തൃശൂര്‍ക്കാരന്. പ്രിയതാരത്തില്‍ നിന്നും ഉള്‍ക്കൊണ്ട സ്വാധീനം റിനോയുടെ കാലുകളിലെ പാഠവമാകുന്നുണ്ട്.

തൃശൂര്‍ മുതല്‍ എഎഫ്സി ചാമ്പ്യന്‍സ് കപ്പ്‌ വരെ

ഇന്ത്യന്‍ ഫുട്ബോളിന്‍റെ നഴ്സറി എന്നു വിശേഷിപ്പിക്കപ്പെടുന്ന ജംഷഡ്പൂര്‍ ടാറ്റ ഫുട്ബോള്‍ അക്കാദമിയില്‍ ഫുട്ബോള്‍ വിദ്യാഭ്യാസം. 2008ല്‍ മോഹന്‍ ബാഗാനിലൂടെയാണ് പ്രൊഫഷണല്‍ ഫുട്ബോള്‍ ലോകത്ത് റിനോ സജീവമാവുന്നത്. മോഹന്‍ ബഗാന്‍, സാല്‍ഗോക്കര്‍, ക്വാര്‍ട്ട്സ് അക്കാദമി എന്നീ ക്ലബ്ബുകളിലായി നീണ്ട അഞ്ചു വര്‍ഷത്തെ കളി പരിചയം. എന്നാല്‍ 2013ല്‍ ബെംഗളൂരു എഫ്സിയില്‍ എത്തുന്നതോടെ റിനോ ആന്‍റോയുടെ പ്രഭാവകാലം തുടങ്ങുകയായി. ബെംഗളൂരു എഫ്സിയുടെ ആദ്യ ഐ ലീഗ് സീസണില്‍ ആദ്യ മത്സരം മുതല്‍ ടീമില്‍ റിനോ ആന്റോയുടെ സാന്നിദ്ധ്യമുണ്ട്.

Read More : ‘ചങ്കേ, കടന്നു വാടാ..!’ റിനോയെ ആവേശപൂർവം ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്ത് സികെ വിനീത്

ആഷ്ലി വെസ്റ്റ്‌വുഡ് എന്ന ഇംഗ്ലീഷ് മാനേജരുടെ കീഴില്‍ ആദ്യ സീസണില്‍ തന്നെ ഐ ലീഗ് കിരീടം നേടിയ ടീമിനെ വിജയത്തിലേക്ക് നയിച്ചതില്‍ റിനോ ആന്‍റോ എന്ന റൈറ്റ് ബാക്ക് വഹിച്ച പങ്ക് ചെറുതല്ല. വിങ്ങില്‍ ശരവേഗത്തില്‍ മുന്നേറി, കൃത്യതയോടെ ബോക്സിലേക്ക് തുടുക്കുന്ന റിനോയുടെ ക്രോസുകള്‍ മോഹന്‍ ബഗാനും, ഈസ്റ്റ് ബംഗാളും ഡെമ്പോയും അടങ്ങുന്ന വമ്പന്‍മാര്‍ക്ക് മുന്നില്‍ ബെംഗളൂരുവിന്‍റെ അപ്രമാദിത്വം ഉറപ്പിക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചു. ഏതാനും കളികള്‍ക്കുള്ളില്‍ തന്നെ ആഷ്ലി വെസ്റ്റ്വൂഡിനു പ്രിയങ്കരനായി മാറിയ റിനോ വളരെവേഗം തന്നെ ടീമില്‍ സ്ഥിരസാന്നിദ്ധ്യമായി. സുനില്‍ ഛേത്രിയും, യൂജിന്‍സണ്‍ ലിങ്ഡോയും സികെ വിനീതും അടങ്ങുന്ന ടീമിന്‍റെ നായകസ്ഥാനം വരെയെത്തി റിനോ ആന്റോ.

2015ലെ ഫെഡറേഷന്‍ കപ്പ്‌, അതേ വര്‍ഷം ഐലീഗ് റണ്ണര്‍ അപ്പ്, 2015-16 സീസണില്‍ മറ്റൊരു ഐ ലീഗ് കിരീടം, ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍റെ ചാമ്പ്യന്‍സ് കപ്പില്‍ ആദ്യമായി റണ്ണര്‍ അപ്പ് ആവുന്ന ഇന്ത്യന്‍ ടീം എന്നീ റിക്കോഡുകളൊക്കെ ബെംഗലൂരുവിനെ തേടി വന്നപ്പോള്‍ ടീമിന്‍റെ പ്രതിരോധത്തെയും അക്രമത്തെയും ചുക്കാന്‍ പിടിക്കുന്നതിലെ പ്രധാനകണ്ണിയായിരുന്നു റിനോ ആന്‍റോ.

Read More :ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; വേര്‍ഷന്‍ 2.0
തിരിച്ചുവരവ്

കഴിഞ്ഞ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിനിടയിലാണ് റിനോ ആന്‍റോയ്ക്ക് പരുക്കേല്‍ക്കുന്നത്. പരുക്ക് ഭേദമാവാതിരുന്നതിനാല്‍ ഐലീഗ് സീസണില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന കാലത്തെ റിനോ ഓര്‍ക്കുന്നത് വിഷമത്തോടെയാണ്. ” ഏറെ ബുദ്ധിമുട്ടിയായിരുന്നു ആ സമയത്ത് കളികള്‍ കാണുന്നുണ്ടായിരുന്നത്. ഐ ലീഗ് കളികള്‍ വെട്ടിച്ചുരുക്കിയിരുന്നു. അതിനാല്‍ തന്നെ പരിക്ക് ഭേദമായപ്പോഴേക്ക് സീസണ്‍ കഴിഞ്ഞുപോവുകയും ഉണ്ടായി” റിനോ ഓര്‍ക്കുന്നു.

ഫെഡറേഷന്‍ കപ്പ് എഎഫ്സി കപ്പ് എന്നിവയില്‍ റിനോ ബംഗലൂരു എഫ്സിയുടെ നീലകുപ്പായത്തിലേക്ക് തിരിച്ചെത്തി.2017ല്‍ ക്ലബ്ബുമായി റിനോ ഏര്‍പ്പെട്ടിരിക്കുന്ന കരാര്‍ തീരുന്ന ഘട്ടമെത്തിയപ്പോഴാണ്. ബെംഗളൂരു എഫ്സിയേയും ജംഷഡ്പൂരില്‍ നിന്നുമുള്ള പുതിയ ടീമിനേയും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ചേര്‍ത്തുകൊണ്ടുള്ള പുതിയൊരു സീസണ്‍ പ്രഖ്യാപിക്കുന്നത്.


ഏറ്റവും അഭിമാനം കേരളത്തിനു വേണ്ടി ബൂട്ടണിയാന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള തിരിച്ചുവരവ് കൊഴുപ്പിക്കാന്‍ തന്നെയാണ് റിനോ ആന്‍റോ തീരുമാനിച്ചിരിക്കുന്നത്. മൂന്നാം തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അത് തന്‍റെ പ്രിയപ്പെട്ട ക്ലബ്ബില്‍ തന്നെയാണ് എന്നതില്‍ റിനോ സന്തോഷിക്കുന്നു. കേരളത്തിനു വേണ്ടി കളിക്കുന്നത്ര അഭിമാനകരമായി മറ്റൊന്നുമില്ല എന്നും റിനോ പറയുന്നു. “നമ്മുടെ നാട്ടില്‍, നാട്ടുകാരുടെ മുന്നില്‍ കളിക്കുക എന്നത് വലിയ കാര്യമാണ്. അതില്‍ കിട്ടുന്ന സന്തോഷം മറ്റെവിടെ കളിച്ചാലും ലഭിക്കില്ല. കപ്പില്‍ കുറഞ്ഞ ഒന്നും തന്നെ കേരളാബ്ലാസ്റ്റര്‍സ് ലക്‌ഷ്യം വെക്കുന്നില്ല. ഈ തവണ കപ്പടിച്ചെടുക്കുക തന്നെ ചെയ്യും” റിനോ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് പറഞ്ഞു.

Read More :ഹൈറേഞ്ചിൽ നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്ക്; മഞ്ഞപ്പടയുടെ താരമാകാൻ അജിത്തും

കൂടുതല്‍ മലയാളികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കളിക്കാര്‍ ആണ് ഡ്രാഫ്റ്റില്‍ നിന്നും തെരഞ്ഞെടുത്തത് എന്നതിലും റിനോ സന്തോഷം പങ്കുവെച്ചു. “നല്ല ടീമിനെയാണ് ഇപ്പോള്‍ ഡ്രാഫ്റ്റില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്നത്. പലരും വ്യക്തിപരമായി അറിയുന്നവരാണ് എന്നത് ഏറെ സന്തോഷകരമാണ്. ജാകിചന്ദ് സിങ്, മിലാന്‍ സിങ്, സിയാം ഹംഗല്‍, എന്നിവരുടെ കൂടെ കളിച്ചിട്ടുണ്ട്. വിനീതിനേയും പ്രശാന്തിനേയും ആണെങ്കില്‍ ആദ്യമേ ടീമില്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. ഇതുവരെ ബ്ലാസ്റ്റര്‍സിലേക്ക് തിരഞ്ഞെടുത്തവരൊക്കെ മികച്ച കളിക്കാരാണ്.” റിനോ ആന്റോ പറഞ്ഞു. ഡ്രാഫ്റ്റില്‍ നിന്നും ബ്ലാസ്റ്റര്‍സ് തിരഞ്ഞെടുക്കുന്ന ആത്യ കളിക്കാരന്‍ റിനോ ആന്‍റോ ആണ്.

ഇന്ത്യന്‍ സൂപര്‍ ലീഗ് മൂന്നാം സീസണ്‍ എത്തി നില്‍ക്കുമ്പോള്‍ കപ്പില്‍ കുറഞ്ഞ ഒന്നും തന്നെ ലക്ഷ്യമില്ല എന്ന് തന്നെയാണ് ഇരുപത്തിയൊമ്പതുകാരനായ റിനോ ആന്‍റോ പറയുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Nothing less than isl win rino anto hopes a good season ahead indian super league 2017