കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി പുതിയ ബിസിസിഐ പ്രസിഡന്റാകാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ ക്രിക്കറ്റ് ആരാധകർ ഏറെ സന്തോഷത്തിലാണ്. റിപ്പോർട്ടുകൾ പ്രകാരം ബിസിസിഐ അംഗങ്ങൾ ഗാംഗുലിയെ ഏകകണ്ഠമായി നാമനിർദേശം ചെയ്യുകയായിരുന്നു.

ബിസിസിഐ പ്രസിഡന്റ് ആകും എന്ന് താൻ ഒരിക്കലും കരുതിയിട്ടില്ലെന്നും, തന്നെ ഈ പദവിയിൽ നിയമിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഗാംഗുലി പ്രതികരിച്ചു. എന്നാൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ഇരുന്നത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

“ഈ നിയമനത്തിൽ ഞാൻ സന്തുഷ്ടനാണ്, കാരണം ഇത് ബിസിസിഐയുടെ സൽപ്പേരിന് വിഘ്നം സംഭവിച്ച സമയമാണ്, എനിക്ക് എന്തെങ്കിലും ചെയ്യാനുള്ള മികച്ച അവസരമാണിത്. നിങ്ങൾ എതിരില്ലാതെ തിരഞ്ഞെടുത്താലും അല്ലെങ്കിലും, ഈ പദവി ഒരു വലിയ ഉത്തരവാദിത്തമാണ്. കാരണം ബിസിസിഐ ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ്. ഇന്ത്യ ഒരു ശക്തികേന്ദ്രമാണ്. അതുകൊണ്ടു തന്നെ ഇതൊരു വെല്ലുവിളിയാകും.”

“ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എന്ന പദവിയോളം വലുതല്ല മറ്റൊന്നും. ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല,” അദ്ദേഹം പറഞ്ഞു.

Read More: സൗരവ് ഗാംഗുലി ബിസിസിഐയുടെ തലപ്പത്തേക്ക്

എൻ ശ്രീനിവാസൻ പക്ഷക്കാരനായ ബ്രിജേഷ് പട്ടേൽ ആയിരിക്കും പുതിയ ബിസിസിഐ പ്രസിഡന്റ് എന്നായിരുന്നു നേരത്തെ വന്നിരുന്ന സൂചനകൾ. എന്നാൽ പെട്ടെന്നായിരുന്നു തീരുമാനം മാറിയത്. ബ്രിജേഷ് പട്ടേൽ ഐപി‌എൽ ഗവേണിംഗ് കൗൺസിൽ ചെയർമാനാകാൻ പദവിയിലേക്കായിരിക്കും തിരഞ്ഞെടുക്കപ്പെടുക.

ആഭ്യന്തര ക്രിക്കറ്റ് നിരീക്ഷിക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും രഞ്ജി ട്രോഫിയിലേക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും ഗംഗുലി പറഞ്ഞു.

“ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാരെ നിരീക്ഷിക്കുക എന്നതായിരിക്കും എന്റെ പ്രഥമ പരിഗണന. ഞാൻ നേരത്തേ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിനോട് ഇത് നേരത്തേ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അവർ ശ്രദ്ധിച്ചില്ല. രഞ്ജി ട്രോഫി ക്രിക്കറ്റായിരിക്കും എന്റെ ശ്രദ്ധാ കേന്ദ്രം. ക്രിക്കറ്റ് താരങ്ങളുടെ സാമ്പത്തിക താത്പര്യങ്ങളിൽ ശ്രദ്ധ കൊടുക്കണം,” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞമാസം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ഗാംഗുലി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്‌റെ തലപ്പത്തിരിക്കാന്‍ അദ്ദേഹത്തിന്‌റെ നിലവാരത്തിലുള്ള ഒരാള്‍ വേണമെന്ന തോന്നലിലാണ് അംഗങ്ങള്‍ ഗാംഗുലിയെ തിരഞ്ഞെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook