ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തുമാണ് കഴിഞ്ഞ കുറേ നാളുകളായി ടെസ്റ്റ് ക്രിക്കറ്റിലെ മിന്നും താരങ്ങൾ. വിലക്കിനെ തുടർന്ന് ഒരു വർഷം പുറത്തിരുന്നെങ്കിലും ആഷസ് പരമ്പരയിലെ വെടിക്കെട്ട് പ്രകടനത്തിലൂടെ തിരിച്ചെത്തിയ സ്മിത്ത് ഒന്നാം റാങ്കിലും അതിവേഗം മടങ്ങിയെത്തി. എന്നാൽ ഒരൊറ്റ പരമ്പരകൊണ്ട് കോഹ്ലി തിരിച്ചടിച്ചു.
ഇങ്ങനെ ഇരുവരും കയ്യടക്കി വച്ചിരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാനെന്ന പട്ടത്തിന് ശരിക്കും അർഹൻ മറ്റൊരു താരമാണെന്നാണ് മുൻ ഓസിസ് നായകൻ മാർക്ക് വോയുടെ വാദം. ഓസിസ് താരം തന്നെയായ മാർനസ് ലബുഷെയ്നാണ് മാർക്ക് വോയുടെ അഭിപ്രായത്തിൽ ഒന്നാം നമ്പർ ടെസ്റ്റ് ക്രിക്കറ്റർ.
Also Read: അത് ചിന്തിക്കാൻ പോലുമാകില്ല; ധോണിയുടെ പകരക്കാരനാകാൻ സാധിക്കില്ലെന്ന് ഹാർദിക് പാണ്ഡ്യ
2018ൽ പാക്കിസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ച മാർനസ് ലബുഷെയ്ൻ നിലവിൽ റാങ്കിങ്ങിൽ കോഹ്ലിക്കും സ്മിത്തിനും പിറകിൽ മൂന്നാം സ്ഥാനത്താണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 896 റൺസ് അടിച്ചുകൂട്ടിയാണ് റാങ്കിങ്ങിൽ ലബുഷെയ്ൻ അപ്രതീക്ഷിത കുതിപ്പ് നടത്തിയത്.
Also Read: പൂനെയിൽ സഞ്ജുവിന്റെ കാത്തിരിപ്പ് അവസാനിക്കുമോ? സാധ്യതകളിങ്ങനെ
“ലോകക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനാണ് മാർനസ് ലബുഷെയ്ൻ. ടെസ്റ്റ് ഫോർമാറ്റിലേത് പോലെ വൈറ്റ് ബോൾ ക്രിക്കറ്റിലും തന്റെ കഴിവ് തെളിയിക്കാൻ അദ്ദേഹത്തിനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആദ്യ നാലു സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ സാധിക്കുന്ന താരമാണ് ലബഷെയ്ൻ,” വോ പറഞ്ഞു.
Also Read: ധോണി പുറത്തേക്ക്; നിര്‍ണായക മുന്നറിയിപ്പുമായി ഇന്ത്യന്‍ പരിശീലകന്
ടെസ്റ്റ് ക്രിക്കറ്റിൽ ഇതിനോടകം തന്റെ കഴിവ് തെളിയിച്ച ലബുഷെയ്ൻ ഏകദിന ക്രിക്കറ്റിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയ്ക്കെതിരായ പരമ്പരയിലായിരിക്കും താരം ഓസിസ് ഏകദിന കുപ്പായത്തിൽ അറങ്ങേറുക. നീലപ്പടയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിലേതിന് സമാനമായ പ്രകടനം പുറത്തെടുക്കാൻ ലബുഷെയ്ന് സാധിക്കുമെന്ന് വോ പ്രത്യാശ പ്രകടിപ്പിക്കുന്നു.