ക്രിക്കറ്റ് ലോകത്തെ ദുരന്ത നായകന്മാരിൽ ഒരാളാണ് ട്രെവർ ചാപ്പലെന്ന ഓസ്ട്രേലിയക്കാരൻ. അണ്ടർ ആം പന്തിനൊപ്പം എന്നും ചേർത്തുവായിക്കപ്പെടുന്ന പേര്. ചതിയനെന്നും കുതന്ത്രശാലിയെന്നും വിളിക്കപ്പെടുന്നവൻ. ന്യൂസിലൻഡിനെതിരെ 40 വർഷങ്ങൾക്ക് മുമ്പെറിഞ്ഞ ആ അണ്ടർ ആം പന്ത് ട്രെവറിന്റെ ക്രിക്കറ്റ് കരിയറിനെയും വ്യക്തി ജീവിതത്തെ പോലും തകർത്തു കളഞ്ഞു. ആ വിവാദ പന്തിന് നാല് പതിറ്റാണ്ട് പൂർത്തിയാകുമ്പോഴും സംഭവത്തിൽ മാപ്പ് പറയാൻ തയ്യാറല്ലെന്നാണ് ട്രെവർ പറയുന്നത്.
1981ൽ ബെൻസൻ ആൻഡ് ഹെഡ്ജസ് ലോക സീരീസിലെ മൂന്നാമത്തെ ഫൈനലിൽ എതിരാളികളായ ന്യൂസിലൻഡിന്റെ അവസാന ബാറ്റ്സ്മാൻ ബ്രയാൻ മക്കെന്നി സിക്സർ നേടി മത്സരം ടൈ ആക്കുന്നത് ഒഴിവാക്കാൻ, മത്സരത്തിലെ അവസാന പന്ത് പിച്ചിലൂടെ ഉരുട്ടി എറിയാൻ ട്രെവർ നിർബന്ധിതനാവുകയായിരുന്നു. സഹോദരനും നായകനുമായിരുന്ന ഗ്രെഗ് ചാപ്പലിന്റെ നിർദേശപ്രകാരമായിരുന്നു ഇത്.
എന്നാൽ സംഭവത്തിൽ പഴികേട്ടത് ട്രെവർ മാത്രമായിരുന്നു. അണ്ടർ ആം പന്തിൽ ഒന്നും ചെയ്യാനാകാതെ നിന്ന മക്കെന്നിയുടെ നിസഹായ ഭാവവും കോപവും പിന്നീട് ആരാധകരും ഏറ്റെടുത്തു.
Also Read: ഓസ്ട്രേലിയൻ താരങ്ങളുള്ള ലിഫ്റ്റിൽ കയറാൻ അനുവദിച്ചില്ല; സിഡ്നിയിൽ നേരിട്ട വിവേചനത്തെ കുറിച്ച് അശ്വിൻ
സംഭവത്തിൽ ഇനി മാപ്പ് പറയുന്നത് ഒന്നും മാറ്റില്ലെന്നാണ് ട്രെവറിന്റെ പക്ഷം. “ഒരു കാര്യവുമില്ല, അത് നിങ്ങളുടെ ജീവിതത്തിലെ ഒരു മോശം സംഭവമായിരുന്നു. അതിനെ മറികടക്കുക. ജീവിക്കുക. ഞാൻ മാപ്പ് പറയാത്തതിന് ഒരു കാരണം അതാണ്. ഞാൻ ക്ഷമ പറഞ്ഞാലോ ഇല്ലെങ്കിലോ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല,” ട്രെവർ ചാപ്പൽ ഓസ്ട്രേലിയൻ മാധ്യമത്തോട് പ്രതികരിച്ചു.
Also Read: സഞ്ജുവിനെയോ ശ്രേയസിനെയോ മാറ്റി പന്തിനെ നിശ്ചിത ഓവർ ടീമിലും ഉൾപ്പെടുത്തണം: ബ്രാഡ് ഹോഗ്
മത്സരം ഓസീസ് ജയിച്ചെങ്കിലും ക്രിക്കറ്റ് ലോകം ട്രെവർ ചാപ്പലിനെ വെറുതെ വിട്ടില്ല. അണ്ടർ ആം ബോളിങ് അക്കാലത്ത് നിയമാനുസൃതമായിരുന്നെങ്കിലും ചാപ്പൽ ഏവരുടെയും മനസിൽ വില്ലനായി. മാധ്യമങ്ങളും ക്രിക്കറ്റ് ആരാധകരും ഈയൊരു സംഭവത്തിൽ നിരന്തരം വേട്ടയാടിയത് അദ്ദേഹത്തിന്റെ മാനസിക നിലയെ തന്നെ തകർത്തു തുടങ്ങി. ലഹരിക്കും വിഷാദ രോഗത്തിനും ആ ശരീരവും മനസ്സും അടിമയായി.
ശക്തമായ തിരിച്ചുവരവുണ്ടാകുമെന്ന് തോന്നിപ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 1983ലെ ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ സെഞ്ചുറി നേടിയത് ശുഭ സൂചനയെന്ന് തോന്നിച്ചെങ്കിലും സ്ഥിരതയില്ലായ്മ കരിയർ തന്നെ ഇല്ലാതാക്കി.