ന്യൂസിലാന്റ് ആതിഥേയത്വം വഹിച്ച 2018 ലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച ഇന്ത്യ നാലാം കിരീടം നേടിയതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരാധകരുടെ വൻ സംഘം തന്നെ താരങ്ങളെ സ്വീകരിക്കാനും സ്നേഹം അറിയിക്കാനും എത്തിയിരുന്നു.

15 അംഗ ഇന്ത്യൻ സംഘത്തിന് ഒപ്പം കോച്ച് രാഹുൽ ദ്രാവിഡിനും ഊഷ്‌മളമായ വരവേൽപ്പാണ് മുംബൈയിലെ വിമാനത്താവളത്തിൽ ലഭിച്ചത്. ആരാധകർ തങ്ങളുടെ സ്നേഹവും ആരാധനയും ഇന്ത്യയുടെ വൻമതിലിന് നൽകി.

ക്രിക്കറ്റ് കരിയറിൽ ഒടുക്കം തുന്നിച്ചേർത്ത ലോകകപ്പ് മെഡലിനോടൊപ്പം ആരാധകരുടെ സ്നേഹവും ഇന്ത്യൻ താരത്തിന് അവിസ്‌മരണീയമായ അനുഭവമായി മാറി. കളിക്കാരനെന്ന നിലയിൽ ലോകകപ്പ് ഇനി ഒരു നഷ്ടസ്വപ്നമായി തന്നെ പിന്തുടരില്ലെന്ന് രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.

“ലോകകപ്പ് ഉയർത്താൻ സാധിച്ചില്ലെന്നത് ഇനിയെനിക്ക് ഒരു ദു:ഖമല്ല. എന്റെ ക്രിക്കറ്റ് കരിയർ അവസാനിച്ചു. വളരെ മുൻപ് തന്നെ. ലോകകപ്പ് ഉയർത്താൻ സാധിക്കാത്തത് മാത്രമല്ല എനിക്ക് എന്റെ കരിയറിലെ നിരാശ”, രാഹുൽ ദ്രാവിഡ് പറഞ്ഞു.

“ഞാനീ കുട്ടികളുടെ കാര്യത്തിൽ വളരെയേറെ സന്തോഷവാനാണ്. എത്ര പരിശ്രമിച്ചാലും കളിക്കാർ നന്നായി കളിച്ചാൽ മാത്രമേ കോച്ചെന്ന നിലയിൽ വിജയിക്കൂ. യാഥാർത്ഥ്യബോധത്തോടെയാണ് മത്സരത്തെ സമീപിക്കുന്നത്. ക്രഡിറ്റെല്ലാം കളിക്കാർക്ക് ഉളളതാണ്. അവരാണ് അത് നേടിയത്. എല്ലാ നേട്ടവും അവരുടേത് മാത്രമാണ്”, രാഹുൽ ദ്രാവിഡ് പറഞ്ഞു.

അതേസമയം ഓസീസിനെതിരെ ഫൈനലിൽ ഒൻപത് വിക്കറ്റ് വിജയം നേടിയ ഇന്ത്യൻ ടീം മികവിന്റെ നൂറ് ശതമാനം പുറത്തെടുത്തില്ലെന്നും കോച്ച് വിമർശിച്ചു. ബംഗ്ലാദേശിനെതിരെ ക്വാർട്ടറിലും പാക്കിസ്ഥാനെതിരെ സെമിഫൈനലിലും കളിച്ചത് പോലെയല്ല ഓസ്ട്രേലിയക്കെതിരെ കളിച്ചത്. പിന്നെ ഫൈനൽ കളിക്കുന്നതും ഒരു അനുഭവമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook