ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നിടത്തോളം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ തുടരുമെന്ന് നായകൻ കൂടിയായ വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കൻ താരവും ബാംഗ്ലൂരിൽ കോഹ്‌ലിയുടെ സഹകളിക്കാരനുമായ എ ബി ഡിവില്ലിയേഴ്സിനൊപ്പം നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലാണ് താരം മനസ്സ് തുറന്നത്. ആരാധകരിൽ നിന്ന് ലഭിക്കുന്ന അകമഴിഞ്ഞ സ്നേഹവും ആത്മാർത്ഥതയുമാണ് അതിന് കാരണമെന്നും താരം വ്യക്തമാക്കുന്നു.
ടീമിന്റെ ആരാധകരിൽ നിന്ന് ലഭിച്ച പിന്തുണ അതിശയകരമാണെന്ന് വിരാട് കോഹ്‌ലി പറഞ്ഞു. ടീമുമായി പിരിയുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഐപിഎൽ കിരീടം സ്വന്തമാക്കുക എന്ന തന്റെ ആഗ്രഹം പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലെന്നും എന്നാൽ ടീമിനൊപ്പം തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: തന്റെ ഒരു വിരൽ നഷ്ടപ്പെട്ടത് എങ്ങനെയെന്ന് വെളിപ്പെടുത്തി പാർത്ഥിവ് പട്ടേൽ
“ഒരുമിച്ച് ഐപിഎൽ നേടുന്നത് എല്ലായ്പ്പോഴും ഞങ്ങളുടെ സ്വപ്നമായിരിക്കും. ടീമിനെ വിട്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്ന ഒരു സാഹചര്യവുമില്ല. ഞാൻ ഐപിഎൽ കളിക്കുന്ന സമയം വരെ ഞാൻ ഒരിക്കലും ഈ ടീമിനെ വിട്ടുപോകില്ല. ആരാധകർ, അവരുടെ വിശ്വസ്തത അത് അതിശയകരമാണ്,” കോഹ്‌ലി പറഞ്ഞു.
Also Read: ഇരട്ട സെഞ്ചുറി നേട്ടമല്ല; സച്ചിന്റെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സ് തിരഞ്ഞെടുത്ത് ഐസിസി
തനിക്കും അങ്ങനെ തന്നെയാണെന്ന് എ ബി ഡിവില്ലിയേഴ്സും പറഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിടാൻ ആഗ്രഹമില്ല. പക്ഷേ അതിന് നിരന്തരം റൺസ് കണ്ടെത്തേണ്ടതുണ്ട്. കാരണം താൻ ക്യാപ്റ്റനല്ലല്ലോയെന്നും താരം വ്യക്തമാക്കി.