ന്യൂഡൽഹി: കൊറോണയെന്ന മഹാമാരി കായികലോകത്തിന് വലിയ നഷ്ടം തന്നെയാണ് വരുത്തി വച്ചിരിക്കുന്നത്. പല മേജർ ടൂർണമെന്റുകളും അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. പുനരാരംഭിച്ചാൽ തന്നെ കാണികൾക്ക് പ്രവേശനവുമില്ല. ഇത്തരത്തിൽ ക്രിക്കറ്റ് ആരാധകർക്ക് വലിയ നഷ്ടമാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. അതേസമയം, ലീഗ് നടക്കാതിരുന്നാൽ അത് നടത്തിപ്പുകാർക്കും സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും നിലവിൽ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.
“നമ്മുടെ സാമ്പത്തിക സാഹചര്യം കൂടി മനസിലാക്കേണ്ടതുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) നടക്കാതെ വന്നാൽ ഏകദേശം 4000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്, അത് ഭീകരമാണ്,” ഗാംഗുലി പറഞ്ഞു.
Also Read: വീണ്ടും കാൽപന്ത് ആവേശം; ബുണ്ടസ്ലിഗയിൽ ആദ്യ മത്സരം നാളെ
പണം ഒഴുകുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാതെ വന്നാൽ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലീഗ് നടന്നാൽ പരിഹരിക്കാൻ സാധിക്കുന്ന പ്രശ്നങ്ങൾ മാത്രമേയുള്ളൂവെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
Also Read: ധോണിക്ക് ഇനിയൊരു മടങ്ങിവരവ് അത്ര എളുപ്പമല്ല: വെങ്കിടേഷ് പ്രസാദ്
എങ്ങനെയും ടൂർണമെന്റ് നടത്താനുള്ള സാധ്യതകൾ തേടുകയാണ് ബിസിസിഐ. കഴിഞ്ഞ ദിവസം ചേർന്ന ടെലികോൺഫറൻസിലൂടെ യോഗം ചേർന്ന ബിസിസിഐ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രമീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു. ഇതോടൊപ്പം ഇന്ത്യയുടെ രാജ്യാന്തര മത്സരങ്ങളും ആഭ്യന്തര മത്സരങ്ങളും നടത്തുന്ന കാര്യത്തെക്കുറിച്ചും ചർച്ചയുണ്ടായി. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവച്ചുകൊണ്ട് ഐപിഎൽ നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ക്രിക്കറ്റ് നടക്കുന്നതിനുള്ള സാധ്യതകൾ കുറവാണെന്ന് ബോർഡ് അംഗങ്ങൾ തന്നെ അംഗീകരിക്കുന്നു. എന്നാൽ ഐസിസി ഇവന്റുകളുടെ കാര്യം ഇനിയും ചർച്ച പോലും ചെയ്യാത്തത് ഐപിഎൽ ഉൾപ്പടെയുള്ള ടൂർണമെന്റുകളുടെ സാധ്യത വർധിപ്പിച്ചിട്ടുണ്ട്.
Also Read: ചെന്നൈ-മുംബൈ ടീമുകളെ ചേർത്തൊരു ഐപിഎൽ ഇലവൻ; ഓപ്പണർമാരായി ഇതിഹാസങ്ങൾ
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഓസ്ട്രേലിയയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസകരമാണ്. എന്നാൽ ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിന് രാജ്യം സജ്ജമാണോയെന്ന ചോദ്യമാണ് ഉയരുന്നത്. ആറു മാസത്തേക്ക് ഓസ്ട്രേലിയ രാജ്യത്തിന്റെ അതിർത്തികൾ അടച്ചിട്ടുണ്ടെങ്കിലും ഐസിസിയുമായി ആലോചിച്ച് ബദൽ മാർഗ്ഗം തേടുന്നുണ്ട്.
നേരത്തെ മാർച്ച് 29നായിരുന്നു ഐപിഎൽ 13-ാം പതിപ്പ് ആരംഭിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിന് ഐപിഎൽ മാറ്റിവയ്ക്കുകയായിരുന്നു.