ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ചാംപ്യൻസ് ട്രോഫിയിൽ കളിക്കാൻ ഇന്ത്യൻ ടീമിന് അവസരമൊരുങ്ങിയത്. ഇന്ത്യൻ ടീമിനു മാത്രമല്ല ആരാധകർക്കും ഏറെ ആശ്വാസം പകരുന്ന കാര്യമാണ് ബിസിസിഐയുടെ ഇന്നത്തെ തീരുമാനം. നാളെയാണ് (തിങ്കളാഴ്ച) ചാംപ്യൻസ് ട്രോഫിക്കായുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക. ആരൊക്കെയായിരിക്കും ഇന്ത്യൻ ടീമിൽ ഇടം നേടുക എന്നറിയാനാണ് ഏവരും ഇപ്പോൾ കാത്തിരിക്കുന്നത്.

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുക്കുമെന്ന ബിസിസിഐയുടെ തീരുമാനത്തിനുപിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബിസിസിഐയുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ഓപ്പണിങ് ആരു ചെയ്യുമെന്നതു സംബന്ധിച്ചാണ് കോഹ്‌ലി സംസാരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ അജിങ്ക്യ രഹാനെയുടെ പേര് കോഹ്‌ലി നിർദേശിച്ചതായാണ് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗൗതം ഗംഭീർ, ശിഖർ ധവാൻ തുടങ്ങിയ താരങ്ങൾ മികച്ച ഫോമിലായിരുന്നിട്ടു കൂടിയാണ് കോഹ്‌ലി, രഹാനെയുടെ പേര് നിർദേശിച്ചത്.

ഐസിസിയുമായുളള വരുമാനത്തർക്കത്തിന്റെ പേരിൽ ലണ്ടനിൽ നടക്കുന്ന ടൂർണമെന്റ് ബഹിഷ്കരിക്കാനായിരുന്നു ബിസിസിഐ നീക്കം. ഏപ്രിൽ 25 നായിരുന്നു ടീം പ്രഖ്യാപിക്കേണ്ട അവസാന തീയതി. ഇന്ത്യ ഒഴികെയുളള മറ്റു രാജ്യങ്ങളെല്ലാം ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ എത്രയും വേഗം തിരഞ്ഞെടുക്കാൻ സുപ്രീംകോടതി നിയോഗിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി ബിസിസിഐയ്ക്കു കർശന നിർദേശം നൽകി. തുടർന്നാണ് ഇന്നു യോഗം ചേർന്ന് ടീമിനെ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ജൂൺ ഒന്നു മുതൽ 18 വരെയാണ് ടൂർണമെന്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ