നെറ്റ് ബൗളറായാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനായി യാത്ര തിരിച്ചതെങ്കിലും മൂന്ന് ഫോർമാറ്റുകളിലും അരങ്ങേറ്റം കുറിച്ച് ചരിത്രം കുറിച്ചാണ് തങ്കരസു നടരാജൻ രാജ്യത്തേക്ക് മടങ്ങിയത്. ഈ ആവസരം തനിക്ക് ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും വലിയ സമ്മർദ്ദത്തിലാണ് ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയതെന്നും നടരാജൻ പറഞ്ഞു.

ഒരേ പര്യടനത്തിൽ മൂന്ന് ഫോർമാറ്റുകളിലും അരങ്ങേറ്റം കുറിച്ച ഏക ഇന്ത്യൻ താരമെന്ന ബഹുമതിയും 29 കാരനായ നടരാജന് ഓസീസ് പര്യടനത്തോടെ സ്വന്തമായിട്ടുണ്ട്.. ഡിസംബർ രണ്ടിന് കാൻബെറയിൽ നടന്ന മൂന്നാം ഏകദിനത്തിലാണ് അദ്ദേഹം ഇന്ത്യൻ രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്.

“എന്റെ ജോലി ചെയ്യുന്നതിന് ഞാൻ പ്രാധാന്യം നൽകുന്നു. ഏകദിനങ്ങളിൽ അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ ആ മത്സരത്തിൽ കളിക്കുമെന്ന് എന്നോട് പറഞ്ഞപ്പോൾ അവിടെ സമ്മർദ്ദമുണ്ടായിരുന്നു. അവസരം പ്രയോജനപ്പെടുത്തണമെന്ന് ഞാൻ രുതി. കളിക്കുന്നതും വിക്കറ്റ് എടുക്കുന്നതും ഒരു സ്വപ്നം പോലെയായിരുന്നു,” നടരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Read More: ഓസ്ട്രേലിയൻ താരങ്ങളുള്ള ലിഫ്റ്റിൽ കയറാൻ അനുവദിച്ചില്ല; സിഡ്‌നിയിൽ നേരിട്ട വിവേചനത്തെ കുറിച്ച് അശ്വിൻ

ഗബ്ബയിൽ നടന്ന നാലാമത്തെയും അവസാനത്തെയുമായ ടെസ്റ്റ് മത്സരത്തിലാണ് ഇടംകയ്യൻ പേസർ തന്റെ അന്താരാഷ്ട്ര ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ നടരാജൻ മൂന്ന് വിക്കറ്റ് നേടി.

രാജ്യത്തെ പ്രതിനിധീകരിക്കുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് നടരാജൻ പറഞ്ഞു.

“ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിൽ എനിക്കുള്ള സന്തോഷം വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാൻ കഴിയുന്നതിലുമപ്പുറമാണ്… അത് ഒരു സ്വപ്നം പോലെയായിരുന്നു. പരിശീലകരിൽ നിന്നും കളിക്കാരിൽ നിന്നും എനിക്ക് ധാരാളം പിന്തുണ ലഭിച്ചു. അവർ എന്നെ വളരെയധികം പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. അവരുടെ പിന്തുണ കാരണം എനിക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.

Read More: എത്ര മനോഹരമായ നിമിഷമാണിത്; ഗാബ ടെസ്റ്റ് വിജയത്തിനു ശേഷം രഹാനെയുടെ പ്രസംഗം ഇങ്ങനെ

വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ എന്നിവരുടെ നായകത്വത്തിൽ കളിക്കുന്നത് താൻ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും നടരാജൻ പറഞ്ഞു.

“(വിരാട്) കോഹ്‌ലിയും അജിങ്ക്യ രഹാനെയും എന്നോട് നല്ലരീതിയിൽ പെരുമാറി.. അവർക്ക് നല്ല കാര്യങ്ങൾ പറയാനുണ്ടായിരുന്നു, അവർ എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചു. രണ്ടുപേർക്ക് കീഴിലുമുള്ള മത്സരങ്ങൾ ഞാൻ ആസ്വദിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook