ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള ടീമുകളില്‍ ഒന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ട് തിരിച്ചെത്തിയ ടീം മികച്ച പ്രകടനത്തിലൂടെ ഈ വര്‍ഷം ഐപിഎല്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ചെന്നൈ ജേതാക്കളായത്. ചെന്നൈയിലെ പ്രതിഷേധങ്ങളെ തുടര്‍ന്ന് പൂനെയിലേക്ക് പോയ ടീം കിരീടം ഉയര്‍ത്തിയാണ് തിരികെ എത്തിയത്.
കാവേരി തര്‍ക്കത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം കനത്തതോടെയാണ് ചെന്നൈയുടെ മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റിയത്. എന്നാല്‍ പൂനെയും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ സ്വന്തം ടീമെന്ന പോലെ സ്നേഹിച്ചു. നിരവധി ആരാധകരാണ് ചെന്നൈയ്ക്ക് പൂനെയിലും രാജ്യത്താകമാനവും ഉളളത്. എന്നാല്‍ വ്യത്യസ്ഥയായ ഒരു ചെന്നൈ ആരാധിക എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. മറ്റാരുമല്ല ടീമിന്റെ ക്യാപ്റ്റനായ ധോണിയുടെ മകള്‍ സിവ.
ചെന്നൈയുടെ മത്സരങ്ങളിലൊക്കെയും ടീമിന് വേണ്ടി ആര്‍ത്തുവിളിക്കുന്ന സിവയെ നമ്മള് കണ്ടിട്ടുണ്ട്. പലപ്പോഴും കുറുമ്പ് കാട്ടിയും ക്രീസിലുളള അച്ഛന് വേണ്ടി തുള്ളിച്ചാടിയും സിവയെ സ്റ്റേഡിയത്തില്‍ കാണാറുണ്ട്.
ടീം കപ്പ് ഉയര്‍ത്തിയപ്പോഴും ധോണിയുടെ കൂടെ മൈതാനത്ത് സിവ ഓടിക്കളിച്ചു. എന്നാല്‍ ഇനിയൊരു ഐപിഎല്‍ മത്സരത്തില്‍ സിവ ചെന്നൈയ്ക്ക് വേണ്ടി നില കൊള്ളില്ലെന്നാണ് സംസാരം. കാരണം മറ്റൊന്നുമല്ല. രോഹിത് ശര്‍മ്മയാണ് ഇതിന് പിന്നില്‍ കളിച്ചത്. സിവയെ കൊണ്ട് മുംബൈ ഇന്ത്യന്‍സിന് വേണ്ടി ജയ് വിളിപ്പിക്കുന്ന രോഹിതിന്റെ ദൃശ്യങ്ങളാണ് അദ്ദേഹം തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
We have a new @mipaltan fan in the house yo!! @msdhoni @SaakshiSRawat pic.twitter.com/yasd7p6gHj
— Rohit Sharma (@ImRo45) July 21, 2018
ട്വിറ്ററിലാണ് രോഹിത് വീഡിയോ ഷെയര്‍ ചെയ്തത്. ‘നിങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ക്ക് പുതിയ ഒരു ആരാധിക’, എന്ന അടിക്കുറിപ്പോടെ ധോണിയേയും സാക്ഷി ധോണിയേയും ടാഗ് ചെയ്താണ് രോഹിത് വീഡിയോ പങ്കുവെച്ചത്. ഇതില്‍ ധോണി ഒന്നും പ്രതികരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ഐപിഎലില്‍ നോക്കൌട്ട് കടക്കാന്‍ കഴിയാതെ മംബൈ പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളിലാണ് ഇപ്പോള്‍ ധോണിയും രോഹിതും.