ടി10 ലീഗിന്റെ രണ്ടാം പതിപ്പിൽ കിരീടം ഉയർത്തി നോർത്തേൺ വാരിയേഴ്സ്. ഫൈനൽ പോരാട്ടത്തിൽ മുൻ വിൻഡീസ് നായകൻ സമി നയിച്ച നോർത്തേൺ വാരിയേഴ്സ് 22 റൺസിനാണ് പാക്തൂൺസിനെ പരാജയപ്പെടുത്തിയത്. നോർത്തേൺ വാരിയേഴ്സ് ഉയർത്തിയ 140 റൺസ് പിന്തുടർന്ന പാക്തൂൺസിന് പത്ത് ഓവറിൽ 118 റൺസെടുക്കാനെ സാധിച്ചുള്ളൂ. ടോസ് നേടിയ പാക്തൂൺസ് നോർത്തേണ വാരിയേഴ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
റോവമൻ പവലിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് വാരിയേഴ്സ് മികച്ച സ്കോറിലെത്തിയത്. 25 പന്തിൽ നിന്ന് 61 റൺസാണ് താരം അടിച്ചുകൂട്ടിയത്. നാല് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതാണ് പവലിന്റെ ഇന്നിങ്സ്. 12 പന്തിൽ 38 റൺസ് നേടി ആന്ദ്രേ റസ്സലും മികച്ച പിന്തുണ നൽകി.
കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന പാക്തൂൺസിന് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ട് കൊണ്ടിരുന്നതാണ് മത്സരത്തിൽ തിരിച്ചടിയായത്. ആന്ദ്രേ ഫ്ലെച്ചർ 18 പന്തിൽ 37 റൺസും, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷഫീഖുള്ള ഷഫീഖ് 16 പന്തിൽ 26 റൺസും നേടിയെങ്കിലും വിജയത്തിലെത്താൻ പാക്തൂൺസിന് സാധിച്ചില്ല.
ഒന്നാം പതിപ്പിൽ കേരള കിങ്സ് ആയിരുന്നു കിരീട ജേതാക്കൾ. യുഎഇയാണ് ഇത്തവണയും ടി10 ലീഗിന് വേദിയായത്. ടി10 ലീഗിന്റെ മൂന്നാം പതിപ്പ് അടുത്ത വർഷം ഒക്ടോബറിൽ നടക്കും.