ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും ജംഷഡ്പൂരിന് സമനില കുരുക്ക്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ ഒരോ ഗോൾ വീതം നേടിയാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്.

പരിക്കൻ അടവുകളുമായി ഇരു ടീമുകളും കളം നിറഞ്ഞ മത്സരത്തിൽ ആദ്യം ഗോൾ കണ്ടെത്തിയത് നോർത്ത് ഈസ്റ്റ് തന്നെയായിരുന്നു. നായകൻ ബെർത്തലോമ്യോയുടെ ഗോളിലൂടെ 20-ാം മിനിറ്റിൽ ലീഡ് കണ്ടെത്തിയ നോർത്ത് ഈസ്റ്റ് , ആദ്യ പകുതിയിൽ മുന്നിട്ടു നിന്നു.

എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നോർത്ത് ഈസ്റ്റ് താരം മിസ്ലവ് കൊമോർസ്കി ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ നോർത്ത് ഈസ്റ്റ് പ്രതിരോധത്തിലായി. രണ്ടാം പകുതിയിൽ പത്ത് പേരായി ചുരുങ്ങിയതോടെ മികച്ച മുന്നേറ്റങ്ങൾ ഒന്നും നടത്താൻ നോർത്ത് ഈസ്റ്റിനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 49-ാം മിനിറ്റിൽ ഫറൂഖ് ചൗദരിയിലൂടെ ജംഷഡ്പൂർ ഗോൾ മടക്കുകയായിരുന്നു. കളിയുടെ 65 ശതമാനവും പന്ത് കൈയ്യടക്കി വെക്കാനായെങ്കിലും ലീഡ് കണ്ടെത്താൻ ജംഷഡ്പൂർ പരാജയപ്പെടുകയായിരുന്നു.

ഗോൾ നേട്ടത്തോടെ നോർത്ത് ഈസ്റ്റ് നായകൻ ബെർത്തലോമ്യോ ഓഗ്ബെച്ചെ ഈ സീസണിൽ ഗോൾ വേട്ടക്കരുടെ പട്ടികയിൽ മുന്നിലെത്തി. 5 ഗോളുകളാണ് ഓഗ്ബെച്ചെയുടെ സമ്പാദ്യം. ഒരു ഹാട്രിക്ക് ഉൾപ്പടെയാണ് താരത്തിന്റെ സീസണിലെ മുന്നേറ്റം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook