ഗുവഹത്തി: ഒരു ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും പന്തുരുണ്ടപ്പോൾ ആവേശം വാനോളം. ആകെ ഏഴ് ഗോളുകൾ പിറന്ന മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ബെർത്തലോമ്യോ ഒഗ്ബെച്ചിന്റെ തകർപ്പൻ ഹാട്രിക് മികവിലാണ് നോർത്ത് ഈസ്റ്റ് വിജയം.

ആദ്യ അരമണിക്കൂറിൽ പിന്നിട്ടുനിന്ന ശേഷമാണ് നോർത്ത് ഈസ്റ്റ് തിരിച്ചടിച്ചത്. കളിയുടെ നാലാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് താരം റൗളിൻ ബോർഗസിന്റെ ഓൺഗോളിൽ ചെന്നൈ മുന്നിലെത്തി. പിന്നാലെ 15-ാം മിനിറ്റിലും 32-ാം ചെന്നൈക്ക് വേണ്ടി തോയ് സിങ് ഗോൾ നേടിയപ്പോൾ ചെന്നൈ ബഹുദൂരം മുന്നിൽ.

എന്നാൽ നോർത്ത് ഈസ്റ്റ് ക്യാപ്റ്റൻ ബെർത്തലോമ്യോ തളരാൻ തയ്യാറല്ലായിരുന്നു. കളിയുടെ 29-ാം മിനിറ്റിൽ ചെന്നൈ വല ചലിപ്പിച്ച് ബെർത്തലോമ്യോ നോർത്ത് ഈസ്റ്റിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഏറെ വൈകാതെ മൂന്ന് മിനിറ്റിനുള്ളിൽ 32-ാം മിനിറ്റിൽ റാഫേൽ അഗസ്റ്റോ നൽകിയ പാസിൽ വീണ്ടും ബെർത്തലോമ്യോ വീണ്ടും നോർത്ത് ഈസ്റ്റിനായി ഗോൾ നേടി. 39-ാം മിനിറ്റിലായിരുന്നു ബെർത്തലോമ്യോയുടെ മൂന്നാം ഗോൾ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റൗളിൻ ബോർഗസ് വീണ്ടും യുണൈറ്റഡിനായി ഗോൾ കണ്ടെത്തി. ആദ്യ പകുതിയിലെ സെൽഫ് ഗോളിന് പകരം എന്നവണ്ണം റൗളിൻ ബോർഗസിലൂടെ തന്നെ നോർത്ത് ഈസ്റ്റിന്റെ വിജയഗോൾ. മൂന്നാം ഗോളിലൂടെ നോർത്ത് ഈസ്റ്റിന് ആദ്യ പകുതിയിൽ സമനില ഒരുക്കുക മാത്രമല്ല ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം പതിപ്പിലെ ആദ്യ ഹാട്രിക് കൂടിയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook