ഗുവാഹതി: മലയാളികളുടെ അഭിമാന താരമായ ടി പി രഹ്നേഷിനെ നിലനിർത്താൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തീരുമാനിച്ചു. ഐഎസ്എൽ തുടക്കം മുതൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കൂടെയുള്ള ഈ വടക സ്വദേശി തന്നെയാകും ഇത്തവണയും മലനിരകളുടെ നാട്ടുകാരുടെ വല കാക്കുക. നോർത്ത് ഈസ്റ്റിനായി 27 മത്സരങ്ങളിൽ രഹ്നേഷ് ഗ്ലവ്സ് അണിഞ്ഞിട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് രഹ്നേഷിന്റെ പുതിയ കരാർ.

രണ്ടു വർഷമായി ലോണടിസ്ഥാനത്തിൽ ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ ടീമിലും രഹ്നേഷ് കളിക്കുന്നുണ്ട്. കേരളത്തിന്റെ നിലവിലുള്ള ഏറ്റവും മികച്ച ഗോൾകീപ്പറാണ് രഹ്നേഷ്. കോഴിക്കോടിന്റെ പൂഴിപ്പരപ്പില്‍ പന്തു തട്ടിയാണ് രഹനേഷ് ഫുട്‌ബോള്‍ ലോകത്തേക്ക് കടന്നെത്തുന്നത്. ക്രിസ്ത്യന്‍ കോളെജ് സ്‌കൂള്‍ ടീമിലൂടെയായിരുന്നു രഹനേഷിന്റെ ഫുട്‌ബോള്‍ ലോകത്തേക്കുള്ള തുടക്കം. ഇതിനിടെ സുബ്രതോ കപ്പില്‍ കേരളത്തിന്റെ നായകന്‍ പട്ടവും. പ്രതിരോധ നിരയുടെ വിശ്വസ്തനായ താരമായിരുന്നു അന്ന് രഹനേഷ്. പ്രാദേശിക ക്ലബ്ബായ യൂണിവേഴ്‌സല്‍ സോക്കറിലെ പ്രകടനം വിവാ കേരളയിലേക്ക് വഴി തുറന്നു.

വിവാ കേരളയിലും തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന രഹനേഷ് പിന്നീട് ചിരാഗ് യുണൈറ്റഡിനും, ഒഎന്‍ജിസിക്കും വേണ്ടി ബൂട്ട് കെട്ടി. അവിടെ നിന്നും അസം ക്ലബ്ബായ രങ്ദജീദിലെത്തിയ താരം പിന്നീട് നോര്‍ത്ത് ഈസ്റ്റിന്റെ കാവല്‍ക്കാരനായി ഐഎസ്എല്ലിലുമെത്തി.

ഗോൾ കീപ്പർക്ക് ക്ഷാമമുള്ള മാർക്കറ്റിൽ ഐഎസ്എല്ലിലെ ആറു ടീമുകളും ഗോൾ കീപ്പർമാരെ നിലനിർത്തി. അത്ലറ്റിക്കോ കൊൽക്കത്ത, മുംബൈ സിറ്റി, എഫ് സി ഗോവ, ചെന്നൈയിൻ, പൂനെ എന്നിവരും നേരത്തെ ഗോൾ കീപ്പർമാരെ നിലനിർത്തുന്നതായി പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ