ഇന്ത്യൻ ആരോസ്… ഇന്ത്യയുടെ കാൽപന്ത് കളിയുടെ ഭൂപടത്തിൽ ഇപ്പോഴാ പേരിന് ഒരു വിലാസമുണ്ട്. 20 ൽ താഴെ പ്രായമായ ഇന്ത്യൻ കൗമാര ഫുട്ബോൾ പട ഐ ലീഗിൽ എതിർടീമുകളെ വിറപ്പിച്ചിരിക്കുകയാണ്. ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഐ ലീഗിലെ തങ്ങളുടെ ആദ്യ മൽസരത്തിൽ ഷില്ലോംഗ് ലജോങ്ങിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ആരോസ് എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയമാണ് നേടിയത്. അതോടെ ഇന്ത്യൻ ഫുട്ബോൾ ഭൂപടത്തിൽ കൗമാരപ്പട തങ്ങളുടെ വരവറിയിച്ചു.
എന്നാൽ തുടർച്ചയായി മൂന്ന് മൽസരങ്ങളിൽ പരാജയപ്പെട്ട ആരോസ് വീണ്ടും ലജോങ്ങിനെതിരെ വിജയം കുറിച്ചു. എന്നാൽ ആ വിജയമല്ല ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഇന്ത്യയിലെ ഫുട്ബോൾ കളിപ്രേമികളെല്ലാം ആരോസിലെ ‘ഇന്ത്യൻ മെസ്സി’യെ കുറിച്ച് ചർച്ച ചെയ്യുകയാണ് ഇപ്പോൾ.
താരമാരാണെന്നല്ലേ, നോങ്ദാംബ നവോരം എന്ന ഇന്ത്യൻ ആരോസിന്റെ മിഡ്ഫീൽഡർ. മണിപ്പൂരിലെ ഇംഫാൽ സ്വദേശിയായ നവോരം, ലജോങ്ങിനെതിരെ 86-ാം മിനിറ്റിൽ നേടിയ ഗോൾ, കാൽപ്പന്ത് കളിയിലെ താരത്തിന്റെ കളിമികവിനെ അടയാളപ്പെടുത്തുന്നതായിരുന്നു.
ലജോങിന്റെ ഗോൾബോക്സിന് ഇടത് വശത്ത് നിന്ന് പന്തുമായി മുന്നേറിയ നവോരം ആറ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ചാണ് ഒടുക്കം ആരോസിന്റെ മൽസരത്തിലെ രണ്ടാം ഗോൾ കണ്ടെത്തിയത്. മൽസരത്തിലെ നവോരത്തിന്റെ മുന്നേറ്റം കണ്ടവരെല്ലാം ഒന്നടങ്കം ആ വിശേഷണമാണ് ഈ ഇന്ത്യൻ കൗമാര താരത്തിന് നൽകിയത് ‘ഇന്ത്യൻ മെസ്സി’.
ഐ ലീഗിൽ രണ്ട് മൽസരം കളിച്ച നവോരം, തന്റെ ആദ്യഗോളിലൂടെ തന്നെ രാജ്യമൊട്ടുക്ക് പ്രശസ്തനായി മാറിൽ ആരോസിൽ 16-ാം നമ്പർ ജഴ്സിയണിഞ്ഞാണ് താരം കളിച്ചത്.
“എനിക്ക് ഡ്രിബിൾ ചെയ്യുന്നത് ഇഷ്ടമാണ്. കഴിഞ്ഞ കളിയിൽ ഞാൻ രണ്ട് പ്രതിരോധ താരങ്ങളെയാണ് ഡ്രിബിൾ ചെയ്തത്. എന്നാൽ മുന്നിൽ കൂടുതൽ കളിക്കാരെത്തി. വെട്ടിച്ച് മുന്നോട്ട് പോകുമ്പോൾ ഗോളടിക്കാൻ സാധിക്കുമെന്ന് മനസിലായി. ഗോൾ അടിച്ചത് എനിക്കിപ്പോഴും അദ്ഭുതമാണ്”, നവോരം പ്രതികരിച്ചതിങ്ങനെ. വരുന്ന ജനുവരി രണ്ടിന് നവോരത്തിന് 18 വയസ് തികയും.
ലോകകപ്പിൽ അമേരിക്കയ്ക്ക് എതിരായ മൽസരത്തിലും നവോരം അമ്പരപ്പിക്കുന്ന കളിമികവ് പുറത്തെടുത്തിരുന്നു. പിഎസ്ജി താരം ടിം വേഹ് ഉൾപ്പടെ മൂന്ന് അമേരിക്കൻ പ്രതിരോധ താരങ്ങളെ ഡ്രിബിൾ ചെയ്തായിരുന്നു നവോരത്തിന്റെ മുന്നേറ്റം. പിന്നീട് കൊളംബിയക്കെതിരെയും നവോരം തന്റെ ഡ്രിബിളിങ്ങിലെ കഴിവ് പുറത്തെടുത്തിരുന്നു. എന്നാൽ ഈ രണ്ട് തവണയും നവോരത്തിന് ഗോൾ കണ്ടെത്താൻ സാധിച്ചില്ല.