ലോകകപ്പിൽ ഇന്ത്യ പുറത്തായതിനുശേഷം എം.എസ്.ധോണി ഇന്ത്യൻ ടീമിന്റെ ഭാഗമായിട്ടില്ല. ഒരു വർഷത്തോളമായി ടീമിൽനിന്നും വിട്ടുനിൽക്കുകയാണ് ധോണി. മുൻ ഇന്ത്യൻ നായകന്റെ വിരമിക്കലിനെക്കുറിച്ചുളള ചർച്ചകൾ പൊടിപൊടിക്കുമ്പോൾ മാഹി ഭായിയെ വല്ലാതെ മിസ് ചെയ്യുന്ന കുറേപേരുണ്ട്, അദ്ദേഹത്തിന്റെ സഹതാരങ്ങൾ. യുസ്വേന്ദ്ര ചാഹലാണ് ധോണിയെ തങ്ങൾ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ചാഹൽ ടിവിയിലൂടെ അറിയിച്ചത്.
ന്യൂസിലൻഡിനെതിരായ രണ്ടാം ടി 20 ക്കുശേഷം ഓക്ലൻഡിൽനിന്നും ഹാമിൽട്ടണിലേക്ക് മടങ്ങുമ്പോഴാണ് ചാഹൽ ടിവിയിലൂടെ ഇന്ത്യൻ ടീമിന്റെ ബസിനകത്തെ വിശേഷങ്ങൾ ചാഹൽ പങ്കുവച്ചത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, റിഷഭ് പന്ത്, കുൽദീപ് യാദവ്, കെ.എൽ.രാഹുൽ എന്നിവരോടൊക്കെ സംസാരിച്ചശേഷമാണ് ചാഹൽ ബസിലെ പുറകിലത്തെ സീറ്റിലേക്ക് എത്തിയത്.
Read Also: കോഹ്ലിയുടെ കൈവിട്ട ക്യാച്ചിൽ ഞെട്ടിത്തരിച്ച് ബുംറ, വീഡിയോ
അവിടെ ജനാലയോട് ചേർന്നുളള സീറ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ആ സീറ്റ് ധോണിയുടേതാണെന്നും അവിടെ ഇപ്പോഴും ആരും ഇരിക്കാറില്ലെന്നും അദ്ദേഹത്തിനായി ആ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്നും ചാഹൽ പറഞ്ഞു. ”ചാഹൽ ടിവിയിൽ ഒരിക്കലും വരാത്തൊരു കളിക്കാരനുണ്ട്. അദ്ദേഹം (ധോണി) ചാഹൽ ടിവിയിൽ വരണമെന്ന് ആഗ്രഹിച്ചിരുന്നു. തന്നെയും കൂടി ചാഹൽ ടിവിയിൽ ഉൾപ്പെടുത്തണമെന്ന് ഒരിക്കലെന്നോട് ആവശ്യപ്പെട്ടു. പക്ഷേ ഇപ്പോൾ വേണ്ടെന്നായിരുന്നു ഞാൻ പറഞ്ഞത്”.
ഇതിനുശേഷമാണ് ധോണിയുടെ സീറ്റിനെ ചൂണ്ടിക്കാണിച്ച് ഈ സീറ്റിൽ ആരും ഇരിക്കാറില്ലെന്നും അദ്ദേഹത്തെ തങ്ങൾ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും വികാരഭരിതനായി ചാഹൽ പറഞ്ഞത്.
ന്യൂസിലൻഡ് പര്യടനത്തിലാണ് ഇപ്പോൾ ഇന്ത്യൻ ടീം. 5 മത്സരങ്ങളടങ്ങിയ ന്യൂസിലൻഡിനെതിരായ ടി 20 പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലാണ്. നാളെ (ജനുവരി 29)യാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം.