ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിലവിലെ തലമുറയുടെ താരമാണ് മുൻ നായകൻ എം എസ് ധോണിയെന്ന് മുഖ്യ പരിശീലകൻ രവി ശാസ്ത്രി. സച്ചിൻ ടെണ്ടുൽക്കർ കപിൽ ദേവ്, സുനിൽ ഗവാസ്കർ എന്നീ ഇതിഹാസങ്ങൾക്കൊപ്പമാണ് ധോണിയുടെ സ്ഥാനമെന്നും, ഇതുപോലുള്ള താരങ്ങൾ മുപ്പതോ നാൽപ്പതോ വർഷത്തിൽ ഒരിക്കൽ മാത്രമാണ് വരാറുള്ളതെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. ധോണിയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഇപ്പോഴും ധോണി മികച്ച ബാറ്റ്സ്മാനാണ്, മത്സരങ്ങൾ ജയിപ്പിക്കുന്നുമുണ്ട്. പ്രത്യേകിച്ച് ഈ വർഷം മിന്നും ഫോമിലാണ് താരം. അഡ്‌ലെയ്ഡിൽ എന്താണ് സംഭവിച്ചതെന്ന് നാം കണ്ടതാണ്. 2008ലെയോ 2011ലെയോ ധോണി അല്ലായിരിക്കും ഇപ്പോഴുള്ളത്. എന്നാൽ പരിചയസമ്പത്ത് മാർക്കറ്റിൽ നിന്ന് വാങ്ങാൻ സാധിക്കുന്ന ഒന്നല്ല,” രവി ശാസ്ത്രി പറഞ്ഞു.

ബാറ്റിങ്ങിൽ മാത്രമല്ല ന്യൂസിലൻഡിനെതിരായ അവസാന ഏകദിനത്തിൽ ജെയിംസ് നിഷാമിനെ പുറത്താക്കിയ ധോണിയുടെ തന്ത്രം താരം മികവ് പുലർത്തുന്നു എന്നതിന്റെ തെളിവാണെന്ന് രവി ശാസ്ത്രി പറഞ്ഞു. വിക്കറ്റിന് പിന്നിലും വിക്കറ്റുകൾക്കിടയിലും മികവ് പുലർത്തുന്ന ധോണി ഇന്ത്യൻ സ്‍പിന്നർമാർക്ക് മത്സരത്തിൽ നിരന്തരം നിർദേശങ്ങൾ നൽകുന്നതും കാണാം. കാരണം മൈതാനം നന്നായി അറിയാവുന്ന താരമാണ് ധോണി.

” ആരും ധോണിയെ വിമർശിക്കാൻ മാത്രം കേമന്മാരല്ല. ധോണിയെ വിമർശിക്കുന്നവർക്ക് ക്രിക്കറ്റിനെക്കുറിച്ച് എന്ത് അറിയാം. ലോകത്തെ ഒന്നാം നമ്പർ ടെസ്റ്റ് ടീമായി ഇന്ത്യയെ മാറ്റിയ നായകനാണ് ധോണി. രണ്ട് ലോകകപ്പുകളും ധോണിയ്ക്ക് കീഴിൽ ഇന്ത്യ സ്വന്തമാക്കി. സ്വന്തമാക്കാൻ ഇനി ഒരു കിരീടവും ധോണിയുടെ കരിയറിൽ ബാക്കിയില്ല,” രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ