കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് മലയാളി കൂടിയായ ശ്രീശങ്കര്‍ മുരളി. 8.08 മീറ്ററായിരുന്നു വെള്ളിയിലേക്കുള്ള ദൂരം. ഇന്ത്യക്കായി കോമണ്‍വെല്‍ത്തില്‍ ലോങ് ജമ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ പുരുഷ താരമാണ് ശ്രീശങ്കര്‍.
എല്ലാവര്‍ക്കും കളത്തില്‍ സ്വീകാര്യനാണ് പ്രിയപ്പെട്ടവര്‍ ശങ്കുവെന്ന് വിളിക്കുന്ന ശ്രീശങ്കര്‍. നീരജ് ചോപ്രയെപ്പോലുള്ള താരങ്ങള്‍ക്കിടയില്‍ പോലും വ്യക്തിത്വം കൊണ്ടും തന്റെ അര്‍പ്പണബോധം കൊണ്ടും സ്വീകാര്യത നേടിയ താരമാണ് ശ്രീശങ്കര്‍.
ശങ്കുവിനെ പോലെ ഒരു മകനെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. എല്ലാവരോടും എളിമയോടും ബഹുമാനത്തോടുമാണ് പെരുമാറ്റം. അതാണ് ഇത്രയും ദൂരം എത്താനുള്ള കാരണം. സ്കൂൾ കാലം മുതൽ അവൻ ഇങ്ങനെയാണ്. അവന്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല,” മുൻ അത്ലീറ്റ് കൂടിയായ അമ്മ കെ എസ് ബിജിമോൾ പറയുന്നു.
അച്ഛനും പരിശീലകനുമായ മുരളിക്കും ബിജിമോളുടെ അഭിപ്രായം തന്നെയാണുള്ളത്. “അയാൾ ഒരിക്കലും കഠിനാധ്വാനത്തിൽ നിന്ന് പിന്മാറിയിട്ടില്ല. അവൻ ഒഴികഴിവുകളോ കുറുക്കുവഴികളോ കണ്ടെത്തിയിട്ടില്ല. അപൂർവമായേ അവനോട് എനിക്ക് ശബ്ദമുയര്‍ത്തേണ്ടി വന്നിട്ടുള്ളു, മുരളി വ്യക്തമാക്കി.
എന്നാ ശ്രീശങ്കറിന്റെ ഒരു ശീലം മാത്രം മുരളിക്ക് അത്ര താത്പര്യമില്ല.
“പരിശീലനത്തിനിടെ പാട്ടുകള്‍ കേള്‍ക്കാന്‍ താത്പര്യപ്പെടാത്ത ഒരാളാണ് അച്ഛന്‍. ഞാന്‍ ഫോണില്‍ എന്തെങ്കിലും പാട്ട് വച്ചാല്‍ എന്നോട് ദേഷ്യപ്പെടും,” ശ്രീശങ്കര്‍ പറഞ്ഞു.
രാത്രി പതിനൊന്ന് മണിക്ക് ശേഷം ടിവി കാണാന്‍ കുടുംബത്തിലെ ആര്‍ക്കും അനുവാദമില്ല.
18 വയസിന് ശേഷമാണ് ഫെയ്സ്ബുക്കും വാട്ട്സ്ആപ്പുമൊക്കെ ഉപയോഗിക്കാനുള്ള അനുവാദം ശ്രീശങ്കറിന് ലഭിച്ചത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ശ്രീശങ്കറിനെ നെഗറ്റീവ് ആയി ബാധിച്ചിട്ടില്ല. സ്പോര്‍ട്സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതുകൊണ്ട് സാധിച്ചെന്നാണ് ശ്രീശങ്കര്‍ പറയുന്നത്.
“എനിക്ക് എന്താണ് വേണ്ടതെന്ന് അച്ഛന് നന്നായി അറിയാം,” താരം കൂട്ടിച്ചേര്‍ത്തു.
പഠനവും പരിശീലനത്തിന് ഒപ്പം കൊണ്ടുപോകണമെന്നാണ് മുരളിയുടെ അഭിപ്രായം. കഠിനമായ പരിശീലനത്തിനിടയിലും പത്തിലും പ്ലസ് ടുവിലും 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടാന്‍ ശ്രീശങ്കറിന് സാധിച്ചു.
എഞ്ജിനീറിങ് എന്‍ട്രെന്‍സില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ സംസ്ഥാനത്ത് രണ്ടാം റാങ്കായിരുന്നു ശ്രീശങ്കറിന്. മെറിറ്റില്‍ തന്നെ മെഡിസിന് അഡ്മിഷന്‍ നേടാന്‍ കഴിയുമായിരുന്നിട്ടും ബി എസ് സി കണക്കാണ് താരം ഉപരിപഠനത്തിനായി തിരഞ്ഞെടുത്തത്.
“എന്റെ ഒപ്പം സ്പോര്‍ട്സിലുണ്ടായിരുന്ന പല അത്ലീറ്റുകള്‍ക്കും ഇന്ന് തൊഴില്‍ ഇല്ല. ഭാവി സുരക്ഷിതമാക്കാന്‍ നല്ല വിദ്യാഭ്യാസം ആവശ്യമാണ്, ഇന്ത്യയിലെ കാര്യങ്ങള്‍ ഇങ്ങനെയാണ്,” മുരളി പറഞ്ഞു.
ഒഴിവ് സമയങ്ങള്‍ കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാനാണ് ശ്രീശങ്കറിന് താത്പര്യം.
“ഞങ്ങള്‍ എല്ലാവരും ഒത്തുകൂടും. ലഘുഭക്ഷണവും ജ്യൂസുമൊക്കെ കുടിക്കും. എന്റെ ചില സുഹൃത്തുക്കള്‍ പുകവലിക്കുകയും മദ്യപിക്കുകയുമൊക്കെ ചെയ്യു. പക്ഷെ അത്തരം സന്ദര്‍ഭങ്ങള്‍ അവര്‍ എന്നെ വിളിക്കാറില്ല. ഞാന്‍ വരില്ലെന്ന് അവര്‍ക്കറിയാം. ഞാനൊരു പാര്‍ട്ടി നടത്തുകയാണെങ്കില്‍ അവിടെ മദ്യത്തിന് സ്ഥാനമുണ്ടാകില്ല,” ശ്രീശങ്കര്‍ പറഞ്ഞു.