ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയെ ക്രീസിൽ നിലയുറപ്പിച്ച് മുന്നോട്ട് നയിക്കുന്നതിനിടയിലാണ് ഓപ്പണർ രോഹിത് ശർമ പുറത്താകുന്നത്. 44 റൺസെടുത്ത രോഹിത്തിനെ ഓസിസ് സ്‌പിന്നർ നഥാൻ ലിയോൺ മിച്ചൽ സ്റ്റാർക്കിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. സമയം തെറ്റിയുള്ള രോഹിത് ശർമയുടെ ഈ പുറത്താക്കലിനെതിരെ വിമർശനവും ഉയർന്നു. ഈ വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഇപ്പോൾ.
നഥാൻ ലിയോണിന്റെ പന്തിനെ നേരിട്ടതിൽ തനിക്ക് ഖേദമില്ലെന്ന് രോഹിത് പറഞ്ഞു. 74 പന്തിൽ 44 റൺസെടുത്ത രോഹിത് മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ലിയോണിന്റെ ബോൾ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ പുറത്താവുകയായിരുന്നു.
Read More: രോഹിത്തിനെതിരെ റെക്കോർഡ് വിക്കറ്റ് നേട്ടവുമായി ലിയോൺ
“നിങ്ങൾക്ക് എല്ലായ്പ്പോഴും ഒരു പ്ലാൻ ഉണ്ടാവും, ആ ഷോട്ട് കളിച്ചതിൽ എനിക്ക് ഖേദമില്ല. ഇത് ഞാൻ എപ്പോഴും ചെയ്യാൻ ആഗ്രഹിക്കുന്ന ഒന്നാണ് – ബൗളർമാരിൽ സമ്മർദ്ദം ചെലുത്തുക. നഥാൻ ലിയോൺ ഒരു സ്മാർട്ട് ബൗളറാണ്, അദ്ദേഹം എനിക്ക് പന്തെറിഞ്ഞു, അതിൽ എനിക്ക് കുറച്ച് ഉയരത്തിലുള്ള ഷോട്ട് നേടാൻ കഴിഞ്ഞില്ല,” മത്സരത്തിന് ശേഷമുള്ള വെർച്വൽ കോൺഫറൻസിൽ രോഹിത് പറഞ്ഞു.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലായിരുന്നു രോഹിത് പുറത്താവുമ്പോൾ ഇന്ത്യയുടെ സ്കോർ. മികച്ച തുടക്കം ലഭിച്ച രോഹിതിന് ഇന്ത്യയെ മികച്ച സ്കോറിലെത്തിക്കാനാവുമെന്നും പ്രതീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ പെട്ടെന്ന് പുറത്താവുന്ന തരത്തിൽ നഥാൻ ലിയോണിന്റെ പന്തിലെ രോഹിതിന്റെ ഷോട്ട് ഏറെ വിമർശനങ്ങൾക്ക് കാരണമായി.
Read More: ഐപിഎൽ, വീട്, ബെൻസ്, 2023 ലോകകപ്പ്; ലക്ഷ്യങ്ങളിലേക്ക് പ്രതീക്ഷയോടെ അസ്ഹറുദ്ദീൻ
ഇക്കാര്യത്തിലെ നിരാശ താൻ മനസ്സിലാക്കുന്നുവെന്നും അത്തരം അപകടകരമായ ഷോട്ട് നേരിടുന്ന തരത്തിലുള്ള പ്രതിരോധം പുറത്തെടുക്കേണ്ടി വരികയായിരുന്നെന്നും രോഹിത് വ്യക്തമാക്കി. “ആ ഷോട്ട് പെട്ടെന്ന് പൊട്ടിമുളച്ച് വന്നതല്ല. ഞാൻ മുമ്പ് നന്നായി കളിച്ച ഒരു ഷോട്ടാണിത്, ”അദ്ദേഹം പറഞ്ഞു.
“ദൗർഭാഗ്യകരവും ദുഃഖകരവുമായ പുറത്താകലായിരുന്നു അത്. ഞാൻ പറഞ്ഞതുപോലെ, അവ എന്റെ ഷോട്ടുകളാണ്, ഞാൻ അവ കളിക്കുന്നത് തുടരും,” രോഹിത് വ്യക്തമാക്കി.