മുംബൈ: അമിത വേഗത നിയമം വഴി നിരോധിക്കപ്പെട്ടതാണ്. അപകടം ആർക്കും എപ്പോഴും സംഭവിക്കാം. ഇന്ത്യയിൽ നിലവിലുളള നിയമവ്യവസ്ഥയ്ക്ക് കീഴിൽ രാഷ്ട്രപതി മുതൽ നിർധന കർഷകൻ വരെ തുല്യരാണെന്നാണ് വിശ്വാസം. അപ്പോൾ പിന്നെ വിരാട് കോഹ്ലിക്ക് മാത്രമെന്താണ് ഒരു ഒഴിവ്?

അമ്പരക്കേണ്ട. മുംബൈ പൊലീസാണ് അമിത വേഗതയ്ക്ക് വിരാട് കോഹ്ലിക്ക് പിഴ നൽകാതെ അഭിനന്ദിച്ച് വിട്ടത്. ഞെട്ടിപ്പോയോ? നെറ്റിചുളിക്കേണ്ട. വിരാട് കോഹ്ലി തെറ്റിച്ചത് ട്രാഫിക് നിയമമല്ല. മറിച്ച് ക്രീസിലെ കണക്കുകളാണ്.

റൺമല താണ്ടി വിരാടവീര്യം; കോഹ്‍ലി 10000 ക്ലബ്ബിൽ

ഇന്നലെ 205 ഇന്നിങ്സുകളിൽ നിന്ന് 10000 റൺസ് തികച്ച വിരാട് കോഹ്ലി ഈ നേട്ടം ഏറ്റവും വേഗത്തിൽ സ്വന്തമാക്കുന്ന ബാറ്റ്സ്മാനായി മാറി. കളി തുടങ്ങിയപ്പോൾ മുതൽ സ്ഥിരതയോടെയുളള ബാറ്റിങിന്റെ മറുപേരായി മാറിയ താരമാണ് ഇന്ത്യൻ ക്യാപ്റ്റനായ കോഹ്ലി.

തുടർ സെഞ്ച്വറികളിലൂടെ ഞെട്ടിച്ച കോഹ്ലി, സാക്ഷാൽ സച്ചിന് പകരക്കാരനായി ടീം ഇന്ത്യയുടെ നെടുംതൂണായി മാറി. ഇന്ന് റൺ മെഷീൻ എന്ന് തന്നെയാണ് അദ്ദേഹം വിളിക്കപ്പെടുന്നതും. ലോകത്ത് ഇന്ന് വിരാട് കോഹ്ലിയെ വിറപ്പിക്കാൻ തക്ക പ്രതിഭാശേഷിയുളള ബോളർമാരില്ല എന്ന് തന്നെ പറയണം.

റെക്കോർഡുകളുടെ നായകൻ; കോഹ്‍ലി പിന്നിലാക്കിയത് ഇതിഹാസങ്ങളെ

ഒരിക്കൽ സച്ചിന്റെ വിക്കറ്റ് മോഹിച്ചാണ് ബോളർമാർ പന്തെറിഞ്ഞിരുന്നതെങ്കിൽ ഇന്നത് വിരാട് കോഹ്ലിയാണ്. ലോകക്രിക്കറ്റിന്റെ നെറുകയിൽ നിൽക്കുന്ന ഈ താരത്തിന് മുകളിൽ ഇന്ത്യയുടെ പ്രതീക്ഷയും വലുതാണ്.

ഏതായാലും അർഹിച്ചൊരു അഭിനന്ദനം തന്നെയാണ് കോഹ്ലിക്ക് മുംബൈ പൊലീസ് നൽകിയത്. അമിത വേഗതയിൽ വാഹനം ഓടിച്ചാൽ പിഴ ശിക്ഷ ലഭിക്കുമെന്ന് ഓർമ്മിപ്പിച്ച് തന്നെ രസകരമായി വിരാട് കോഹ്ലിയെ അഭിനന്ദിക്കുകയായിരുന്നു അവർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ട്വിറ്റർ ഫോളോവർമാർ ഉളള പൊലീസാണ് മുംബൈ പൊലീസ്.

പക്ഷെ ഫെയ്‌സ്ബുക്കിൽ മുംബൈ പൊലീസിനെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കേരള പൊലീസ് മറികടന്നു. അല്ലെങ്കിലും ഫെയ്സ്ബുക്കിൽ മലയാളികൾ ഏറെ സജീവമാണ്. ഏതായാലും മുംബൈ പൊലീസിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook