ദേശീയ ബാഡ്മിന്റണ്‍ ഫെഡറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മലയാളി താരമായ എച്ച്.എസ്.പ്രണോയ്. അദ്ദേഹത്തിന്റെ പേര് ഫെഡറേഷന്‍ അര്‍ജുന അവാര്‍ഡിന് നാമനിർദേശം ചെയ്യാത്തതിനെ തുടര്‍ന്നാണ് പ്രണോയ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഫെഡറേഷന്‍ അവഗണിക്കുന്ന ആദ്യത്തെ കേരള താരമല്ല താനെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് അര്‍ഹതപ്പെട്ടത് ലഭിക്കാന്‍ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പേര് അര്‍ജുന അവാര്‍ഡിനായി അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് പ്രണോയിനെ ഫെഡറേഷന്‍ തഴയുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡലുകള്‍ നേടിയ ആളെ അസോസിയേഷന്‍ നിർദേശിക്കുക പോലും ചെയ്തിട്ടില്ലെന്ന് അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പിന്നീട് നീക്കം ചെയ്തു. ഈ പ്രധാന മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ലാത്ത ആളുടെ പേര് നിർദേശിക്കുകയും ചെയ്തിരുന്നുവെന്ന് ദിസ്‌കണ്‍ട്രിഈസ്എജോക്ക് എന്ന ഹാഷ് ടാഗില്‍ അദ്ദേഹം കുറിച്ചു.

എന്താണ് സംഭവിച്ചതെന്ന് അറിയിക്കുന്നതിനാണ് താന്‍ ട്വീറ്റ് ചെയ്തതെന്ന് അദ്ദേഹം ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. താരങ്ങളെ ലക്ഷ്യം വയ്ക്കുകയും ഇതുപോലെയുള്ള അവാര്‍ഡുകള്‍ക്ക് പേരുകള്‍ അയക്കാതിരിക്കുകയും ചെയ്യുന്നതും ഇനിയുളള 5-10 വര്‍ഷങ്ങളില്‍ സംഭവിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: സച്ചിനെ 91 ൽ പുറത്താക്കിയതിനു പിന്നാലെ വധഭീഷണി; വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് മുൻ പേസർ

കെ.ശ്രീകാന്തിനും തനിക്കും നേരെ അച്ചടക്ക നടപടിയുണ്ടെന്നാണ് അവരുടെ വിശദീകരണമെന്ന് പ്രണോയ് പറഞ്ഞു.

ഡബിള്‍സ് ജോഡികളായ സാത്വിക് സായ് രാജ് രണ്‍കി റെഡ്ഡിയേയും ചിരാഗ് ഷെട്ടിയേയും കൂടാതെ സിംഗിള്‍സ് താരമായ സമീര്‍ വര്‍മ്മയേയുമാണ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ സ്‌പോര്‍ട്‌സ് അവാര്‍ഡിനായി നാമനിർദേശം ചെയ്തിരിക്കുന്നത്.

എന്നാല്‍ ട്വീറ്റിന് പിന്നാലെ അസോസിയേഷന്റെ ഭാഗത്തു നിന്നും ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് പ്രണോയ് പറഞ്ഞു. പേര് വെളിപ്പെടുത്താത്ത ഒരു അസോസിയേഷന്‍ ഭാരവാഹിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് അച്ചടക്ക നടപടിയെ തുടര്‍ന്നാണ് നാമനിർദേശം ചെയ്യാതിരുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഫെബ്രുവരിയില്‍ നടന്ന ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സെമിഫൈനല്‍ സാധ്യതകള്‍ ഇല്ലാതാക്കിയത് പ്രണോയും ശ്രീകാന്തും ആണെന്ന് ഈ ഭാരവാഹി പറയുന്നു.

സെമിഫൈനലിന് മുമ്പ് ഇരുവരും ബാഴ്സലോണ മാസ്റ്റേഴ്സും ടോക്കിയോ ഒളിമ്പിക്സും ലക്ഷ്യമിട്ട് പരിശീലിക്കുന്നതിനായി ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയിരുന്നു. ഇന്തോനേഷ്യയോട് 3-2-ന് സെമിയില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. കേരളത്തില്‍ നിന്നും അനവധി താരങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലെന്ന് പ്രണോയ് പറഞ്ഞു. അര്‍ജുന ലഭിക്കേണ്ട പലതാരങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നും താരങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ലെന്നും ദേശീയ അവാര്‍ഡുകള്‍ ലഭിക്കുന്നതിന് അത്തരമൊരാള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

Read in English: Not first time Kerala players ignored, will apply for Arjuna myself: HS Prannoy

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook