തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ എത്തിയെങ്കിലും ഇത്തവണയും ന്യൂസിലൻഡിന് കിരീടം നഷ്ടമായി. സൂപ്പർ ഓവറും സമനിലയിലായ മത്സരത്തിൽ നിയമത്തിന്റെ ആനുകൂല്യവുമായാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരായത്. അതുകൊണ്ട് തന്നെ അതൊരു തോൽവിയായി കാണുന്നില്ല കിവികൾ. അത് അടിവരയിടുകയാണ് നായകൻ കെയ്ൻ വില്യംസൺ. ആരും ഫൈനലിൽ പരാജയപ്പെട്ടട്ടില്ലെന്നാണ് വില്യംസൺ പറയുന്നത്.
“ആ ദിവസത്തിന്റെ അവസാനം ഒന്നും ഞങ്ങളെ വ്യത്യസ്തരാക്കിയില്ല. ആരും ഫൈനലിൽ പരാജയപ്പെട്ടുമില്ല. എന്നാൽ ഒരാൾ മാത്രം കിരീടം ധരിച്ച വിജയിയായി.” വില്യംസൺ പറഞ്ഞു.
സൂപ്പർ ഓവറും സമനിലയിലായ മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണത്തിലാണ് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചത്. ന്യൂസിലൻഡ് ഇന്നിങ്സിൽ 17 ബൗണ്ടറികൾ പിറന്നപ്പോൾ ഇംഗ്ലണ്ട് താരങ്ങൾ പായിച്ചത് 26 ബൗണ്ടറികളാണ്. ഐസിസിയുടെ ഈ നിയമത്തിനെതിരെ ക്രിക്കറ്റ് ലോകത്ത് നിന്ന് വലിയ വിമർശനമാണ് ഉയർന്നത്. താരങ്ങളും ആരാധകരും രംഗത്തെത്തി.
ഐസിസി നിയമത്തെ പറ്റിയുള്ള ചോദ്യത്തിന് വില്യംസണിന്റെ മറുപടി ഇങ്ങനെ. ” നിങ്ങൾ ഇത് ചോദിക്കുമെന്ന് നിങ്ങളോ. ഇതിന് ഉത്തരം പറയേണ്ടി വരുമെന്ന് ഞാനും കരുതിയിട്ടില്ല”. തോൽവി അംഗീകരിക്കുന്നതായും ടൂർണമെന്റിന്റെ നിയമങ്ങൾ മനസിലാക്കി ഒപ്പിട്ടുകൊടുത്തിരുന്നെന്നും വില്യംസൺ കൂട്ടിച്ചേർത്തു.
കലാശപോരാട്ടത്തിൽ സൂപ്പർ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ന്യൂസിലന്‍ഡിന് മുന്നില്‍ വച്ച വിജയലക്ഷ്യം 16 റണ്‍സിന്റേതായിരുന്നു. ഇംഗ്ലണ്ടിനായി പന്തെറിഞ്ഞ ആറാം പന്തില്‍ ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത് രണ്ട് റണ്‍സായിരുന്നു. പക്ഷെ ഗുപ്റ്റിലിനെ റണ്‍ ഔട്ടായതോടെ. സ്കോർ വീണ്ടും ഒപ്പത്തിനൊപ്പം. ഇതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിന് കന്നി ലോകകപ്പ് കിരീടം.