ഗബ്ബ ടെസ്റ്റിലെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സിലൂടെ റിഷഭ് പന്ത് തന്നെ സ്വയം വീണ്ടെടുത്തതാകാമെന്ന് മുതിർന്ന വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. സ്റ്റംപിന് പിന്നിലും ഈ യുവതാരം തന്റെ കഴിവുകൾ മെച്ചപ്പെടുത്തുമെന്നും സാഹ പറഞ്ഞു.
പന്തിന്റെ മികച്ച പ്രകടനത്തെ അദ്ദേഹത്തിന്റെ മുന്നേറ്റത്തിന്റെ അവസാനമായി താൻ കാണുന്നില്ലെന്നും മികവിനായി അദ്ദേഹം തുടർന്നും പരിശ്രമിക്കുമെന്നും സാഹ പറഞ്ഞു.
“ഞങ്ങൾക്കിടയിൽ സൗഹൃദബന്ധമുണ്ട്, ഒപ്പം ഇലവനിൽ പ്രവേശിക്കുന്നവർ പരസ്പരം സഹായിക്കുകയും ചെയ്യും. വ്യക്തിപരമായി, അവനുമായി ഒരു തർക്കവുമില്ല, ”ഓസ്‌ട്രേലിയയിലെ ടെസ്റ്റ് സീരീസ് വിജയത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതിന് ശേഷം സാഹ ഒരു അഭിമുഖത്തിൽ പറഞ്ഞു.
Read More: ടെസ്റ്റ് ക്യാപ്റ്റൻസി: കോഹ്‌ലിക്ക് ഭീഷണിയായി രഹാനെ, സാധ്യതകൾ ഇങ്ങനെ
“ആരാണ് ഒന്നാമനെന്നോ ആരാണ് രണ്ടാമനെന്നോ എന്ന് ഞാൻ നോക്കുന്നില്ല… മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ടീം അവസരം നൽകും. ഞാൻ എന്റെ ജോലി തുടരും. ടീം സെലക്ഷൻ എന്റെ കൈയിലല്ല, അത് മാനേജുമെന്റിന്റെ ചുമതലയാണ്,” സാഹ പറഞ്ഞു.
നാലാം ടെസ്റ്റിന്റെ അവസാന ദിവസം 89 റൺസ് നേടി പുറത്താകാതെ നിന്ന പന്തിന്രെ പ്രകടനത്തെ സാഹ പ്രശംസിച്ചു. വിക്കറ്റ് കീപ്പർ എന്ന നിലയിൽ പന്ത് കൂടുതൽ മെട്ടപ്പെടും എന്നും അദ്ദേഹം പറഞ്ഞു.
“ഒന്നാം ക്ലാസ്സിൽ വച്ച് തന്നെ ആരും ആൾജിബ്ര പഠിക്കുന്നില്ല. നിങ്ങൾ എല്ലായ്പ്പോഴും പടിപടിയായി മുന്നേറും. അവൻ തന്റെ ഏറ്റവും മികച്ചത് നൽകുന്നുണ്ട്, തീർച്ചയായും മെച്ചപ്പെടും. അവൻ എല്ലായ്പ്പോഴും പക്വത പ്രാപിക്കുകയും സ്വയം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് ഇന്ത്യൻ ടീമിനെ നന്നായി സഹായിക്കുന്നു,” പന്തിനെക്കുറിച്ച് സാഹ പറഞ്ഞു.
Read More: വംശിയാധിക്ഷേപം: മത്സരം തുടരാൻ കാരണം രഹാനെയുടെ ഉറച്ച തീരുമാനമെന്ന് സിറാജ്
ഇടക്കാല ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ വിജയ മന്ത്രം ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളിൽ പോലും ശാന്തത പാലിക്കുന്നതാണെന്നും സാഹ അഭിപ്രായപ്പെട്ടു. “അദ്ദേഹം ശാന്തതയോടെ തന്റെ ജോലിയെക്കുറിച്ച് പറയുന്നു. വിരാടിനെപ്പോലെ അദ്ദേഹത്തിനും കളിക്കാരിൽ പൂർണ്ണ വിശ്വാസമുണ്ട്. വിരാടിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം ഒരിക്കലും ആവേശം കാണിക്കുന്നില്ല. സമീപനം അൽപ്പം വ്യത്യസ്തമാണ്, രഹാനെ എല്ലായ്പ്പോഴും ശാന്തനായിരിക്കും, ഒരിക്കലും കോപം വരുന്നില്ല്. കളിക്കാരെ എങ്ങനെ പ്രചോദിപ്പിക്കുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അതാണ് അദ്ദേഹത്തിന്റെ വിജയ മന്ത്രം,” സാഹ പറഞ്ഞു.