പാക്കിസ്ഥാന്റെ മുഖ്യ പരിശീലകനും മുഖ്യ സെലക്ടറുമായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ പുതിയ പരിഷ്‌കാരങ്ങളുമായി മിസ്ബ ഉള്‍ ഹഖ്. താരങ്ങളുടെ ഭക്ഷണ ക്രമത്തിലാണ് മിസ്ബ ആദ്യം മാറ്റം കൊണ്ടുവന്നത്. ലോകകപ്പിലടക്കം പാക് താരങ്ങളുടെ ഫിറ്റ്‌നസ് വിമര്‍ശനത്തിന് ഇടയായ സാഹചര്യത്തിലാണ് മിസ്ബയുടെ തീരുമാനം.

ബിരിയാണിയോ ഓയില്‍ കൂടുതലായി ഉപയോഗിക്കുന്ന ഇറച്ചിയോ മധുര പലഹാരങ്ങളോ താരങ്ങള്‍ക്ക് നല്‍കില്ലെന്നാണ് മിസ്ബയുടെ തീരുമാനം. ഇതിന് പുറമെ ദേശീയ ടീമിലെ താരങ്ങളും ആഭ്യന്തര താരങ്ങളും പാലിക്കേണ്ട ഡയറ്റിനെക്കുറിച്ചും മിസ്ബ കൃത്യമായ നിർദേശം നല്‍കിയിട്ടുണ്ട്. എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നതൊക്കെ വ്യക്തമായി മുന്‍ നായകന്‍ കൂടിയായ ഇതിഹാസ താരം വ്യക്തമാക്കിയിട്ടുണ്ട്.

നാഷണല്‍ ടീമിനായി മത്സരങ്ങളില്ലാത്ത സമയങ്ങളില്‍ ചിട്ടയായ ഭക്ഷണക്രമം പാലിക്കാത്തവരാണ് പാക് താരങ്ങളെന്ന് ആരോപണമുണ്ട്. താരങ്ങള്‍ക്ക് ജംഗ് ഫുഡിനോടുള്ള അമിതമായ താല്‍പര്യവും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇനി അതൊന്നും നടക്കില്ല. എല്ലാ താരങ്ങള്‍ക്കും അവരവരുടെ ഫിറ്റ്‌നസ് സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കാനായി ഒരു ലോഗ് ബുക്ക് ഉണ്ടാകുമെന്നും ഡയറ്റ് പാലിക്കാത്തവരെ പുറത്താക്കുമെന്നും മിസ്ബ അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ ആക്രമിച്ചു കളിക്കുന്ന ടീമിനെയായിരിക്കും താന്‍ വാര്‍ത്തെടുക്കുകയെന്ന് മിസ്ബ നേരത്തെ വ്യക്തമാക്കിയിരുന്നു. ആക്രമിക്കുന്നതിലും പ്രതിരോധിക്കുന്നതിലും പാക് ടീമിന് പലപ്പോഴും വ്യക്തതയില്ലാതെ പോകുന്നുണ്ടെന്നും അത് മാറ്റിയെടുത്ത് കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന, സാഹചര്യം അനുസരിച്ച് പ്ലാനുകള്‍ മാറ്റാന്‍ സാധിക്കുന്ന തരത്തിലായിരിക്കും തന്റെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook